സമാധാന പദ്ധതി വേഗത്തിൽ നടപ്പിലാക്കണം; വൈകിച്ചാല്‍ നേരിടുക ഗുരുതര പ്രത്യാഘാതം; ഹമാസിന് ട്രംപിൻറെ താക്കീത്

20 ഇന നിർദേശങ്ങളടങ്ങിയ ഗാസ പദ്ധതിയും ബന്ദി കൈമാറ്റവും നടപ്പാക്കാൻ ഇതാണ് പറ്റിയ സമയമെന്ന് ട്രംപ്

വാഷിംങ്ടൺ: ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള സമാധാന പദ്ധതികള്‍ നടപ്പാക്കുന്നത് വൈകരുതെന്ന് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. നടപടികൾ വേഗത്തിലാക്കണമെന്നും വൈകിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.

ഹമാസ് ഉടൻ തന്നെ നടപടികൾ വേഗത്തിലാക്കണം. കാലതാമസം താൻ അനുവദിക്കില്ല. വൈകിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് കുറിച്ചു. ബന്ദികളുടെ കൈമാറ്റത്തിനും സമാധാന കരാർ പൂർത്തിയാക്കുന്നതിനുമായി ഗാസയില്‍ ആക്രമണം നിർത്തിവെച്ച ഇസ്രയേലിനെ അഭിനന്ദിക്കുന്നതായും ട്രംപ് പറഞ്ഞു. 20 ഇന നിർദേശങ്ങളടങ്ങിയ ഗാസ പദ്ധതിയും ബന്ദി കൈമാറ്റവും നടപ്പാക്കാൻ ഇതാണ് പറ്റിയ സമയമെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്നാണ് ഹമാസ് അറിയിച്ചത്. പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശം വകവെക്കാതെ ഗാസയില്‍ ഇസ്രയേല്‍ ഇന്ന് വീണ്ടും ആക്രമണം നടത്തിയിരുന്നു.

ട്രംപിന്റെ പദ്ധതി അംഗീകരിച്ച് ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സമ്മതിച്ചതോടെ ഇത് ഉടനടി നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.

Content Highlights:US President Donald Trump's warning to Hamas as Gaza peace plan kicks in

To advertise here,contact us