'ഇത് റഷ്യന്‍ ഭീകരതയാണ്'; യുക്രൈനിലെ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് സെലന്‍സ്‌കി

ഈ ക്രൂരതയ്ക്കു മുന്നില്‍ കണ്ണടയ്ക്കാന്‍ ലോകത്തിന് അവകാശമില്ലെന്നും സെലന്‍സ്‌കി പറഞ്ഞു

കീവ്: യുക്രൈനിലെ സുമി റെയില്‍വേ സ്‌റ്റേഷനില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഭീകരതയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. സാധാരണക്കാരായ ജനങ്ങളെയാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് റഷ്യക്കാര്‍ക്ക് അറിയില്ലായിരിക്കുമെന്നും ഈ ക്രൂരതയ്ക്കു മുന്നില്‍ കണ്ണടയ്ക്കാന്‍ ലോകത്തിന് അവകാശമില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.

'റഷ്യക്കാര്‍ക്ക് ആക്രമിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ് എന്ന് അറിയാതിരിക്കാന്‍ വഴിയില്ല. ലോകം ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഭീകരതയാണിത്. എല്ലാ ദിവസവും റഷ്യ ജനങ്ങളുടെ ജീവനെടുക്കുകയാണ്. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും അതിനെതിരെ ശബ്ദമുയര്‍ന്നിട്ടുണ്ട്. ഭീകരതയെയും കൊലപാതകങ്ങളെയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ശബ്ദമുയര്‍ത്തേണ്ട സമയമാണിത്. വിഷയത്തില്‍ കേവലം പ്രതികരണം മാത്രമല്ല, നടപടികളാണ് ആവശ്യം':സെലന്‍സ്‌കി പറഞ്ഞു.

പാസഞ്ചര്‍ ട്രെയിനിന് നേരെ ഉണ്ടായ റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ മുപ്പതോളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഷോസ്ട്‌സ്‌കയില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട തീവണ്ടിയാണ് ആക്രമണത്തിനിരയായത്. തീപ്പിടിച്ച തീവണ്ടിയിലെ കോച്ചുകളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്ത് എത്തിയതായി ഗവര്‍ണര്‍ ഹ്രിഹൊറോവ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം 35 മിസൈലുകളും 60 ഡ്രോണുകളും ഉപയോഗിച്ച് യുക്രൈന്റെ ഗ്യാസ് ആന്‍ഡ് ഓയില്‍ കമ്പനിയായ നാഫ്‌റ്റോഗാസിന്റെ ഖര്‍ക്കീവിലെയും പോള്‍ടാവ മേഖലയിലെയും കേന്ദ്രങ്ങള്‍ റഷ്യ ആക്രമിച്ചിരുന്നു. അതിനുപിന്നാലെയാണ് റെയില്‍വേ സ്റ്റേഷനുനേരെയുളള ആക്രമണം നടന്നത്.

Content Highlights: This is Russian terrorism: Zelensky on Russian drone attacks in Ukraine railway station

To advertise here,contact us