'ഇന്റര്‍നെറ്റ് അധാര്‍മികവും തിന്മയും'; അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും റദ്ദാക്കി താലിബാന്‍

ഫോൺ ബന്ധം തകരാറിലായി. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് പൂർണമായും റദ്ദാക്കി താലിബാൻ. പല പ്രവിശ്യകളിലും ഫൈബർ ഒപ്ടിക് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിലെ ടെലിഫോൺ സേവനവും അതേ ഫൈബർ ലൈനിൽ നിന്ന് പ്രവർത്തിക്കുന്നതിനാൽ ഫോൺ ബന്ധവും തകരാറിലായിട്ടുണ്ടെന്ന് സൈബർ സുരക്ഷാ നിരീക്ഷകരായ നെറ്റ്‌ബോക്‌സ് അറിയിച്ചു. ഈ മാസം ആദ്യം തന്നെ ഇൻർനെറ്റിന്റെ വേഗത കുറച്ച് താലിബാൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണമായ നിരോധനം വരുന്നത്.

2021 ൽ താലിബാൻ വീണ്ടും അധികാരം പിടിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുന്ന വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ഇന്റർനെറ്റ് നിരോധനമാണിത്. തിന്മയെന്ന് പറഞ്ഞാണ് ഫൈബർ ഒപ്റ്റിക് ശൃംഖല താലിബാൻ വിച്ഛേദിച്ചത്. അധാർമിക പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇന്റർനെറ്റ് നിരോധനമെന്നും രാജ്യത്തിനകത്ത് ഒരു ബദൽ സംവിധാനം സ്ഥാപിക്കുമെന്നും താലിബാൻ നേതാക്കൾ അറിയിച്ചു.

ഇന്റർനെറ്റ് വിച്ഛേദിച്ചതോടെ താലിബാനിൽ പ്രതിസന്ധി തുടരുകയാണ്. വിവിധ മേഖലകളെ തീരുമാനം വലിയരീതിയിൽ ബാധിച്ചു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. മാധ്യമങ്ങളുടെയും ബാങ്കിങ്, വ്യവസായം തുടങ്ങിയ മേഖലകളെയും പ്രതിസന്ധിയിലാക്കി. രാജ്യത്തിന് പുറം ലോകവുമായുള്ള ആശയ വിനിമയങ്ങളെ ഇല്ലാതാക്കുന്ന തീരുമാനമാണിതെന്നാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു കാര്യം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്റർനെറ്റ് നിരോധനം തുടരുമെന്നാണ് അറിയിപ്പ്.

Content Highlights: Total internet blackout in Afghanistan,Taliban enforces morality measures reports

To advertise here,contact us