ഇസ്ലാമാബാദ്: പാകിസ്താനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ പാക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം. അവാമി ആക്ഷൻ കമ്മിറ്റി(എഎസി) യുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എഎസിയുടെ നേതൃത്വത്തിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ പൊലീസിനെ വിന്യാസിക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു.
70 വർഷത്തിലധികമായി നിഷേധിക്കുന്ന മൗലിക അവകാശങ്ങൾക്ക് വേണ്ടിയാണ് പ്രക്ഷോഭമെന്ന് അവാമി ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു. പ്രതിഷേധം ആദ്യ ചുവട് മാത്രമാണെന്നും മറ്റ് നീക്കങ്ങൾക്കായി പ്രക്ഷോഭകർ പദ്ധതിയിടുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധങ്ങൾ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും എന്നാൽ കഴിഞ്ഞ 70 വർഷത്തോളമായി മൗലികമായ അവകാശങ്ങൾ തടയുന്നവർക്കെതിരെയാണെന്നും അവാമി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ വ്യക്തമാക്കി. ഇത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒന്നുകിൽ അവകാശങ്ങൾ അനുവദിക്കണം അല്ലെങ്കിൽ ഈ ജനരോഷത്തെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ച 12 സീറ്റുകൾ നിർത്തലാക്കണം. ഇത് പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തും എന്നാണ് പ്രതിഷേധക്കാർ കാരണമായി പറയുന്നത്. പ്രാദേശികമായി പ്രയോജനകരമാകുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പുനഃരാലോചിക്കണമെന്നും അവാമി ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വിളകൾ, ധാന്യങ്ങൾ, വൈദ്യുതി ബിൽ എന്നിവയിൽ കൂടുതൽ സബ്സിഡി നടപ്പാക്കുക. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനകളും അവസാനിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ.
Content Highlights: Pakistan occupied Kashmir erupts; thousands of people protesting against Shehbaz Sharif government