ബ്യൂണസ് ഐറിസ്: അര്ജന്റീനയില് മയക്കുമരുന്ന് സംഘം ക്രൂരമായി കൊലപ്പെടുത്തിയ യുവതികള്ക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങള് തെരുവില്. മൂവരുടെയും പേരുകള് എഴുതിയ പ്ലക്കാര്ഡുകള് ഉയര്ത്തിയാണ് ബന്ധുക്കളുള്പ്പെടെയുള്ളവര് തെരുവിലിറങ്ങിയത്. 'ഇതൊരു നാര്ക്കോ-ഫെമിനിസൈഡ് ആണ്' എന്ന മുദ്രാവാക്യങ്ങളോടെ പാര്ലമെന്റിലേക്കും പ്രതിഷേധക്കാര് നീങ്ങി.
മൊറേന വെര്ഡി (20), ബ്രെന്ഡ ഡെല് കാസ്റ്റില്ലോ (20), ലാര ഗുട്ടിയറസ് (15) എന്നിവരെയാണ് മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തിയത്. സംഘം നിയമലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കഴിഞ്ഞ ബുധനാഴ്ച്ച ബ്യൂണസ് ഐറിസിലെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് മൂവരുടെയും മൃതദേഹങ്ങള് കണ്ടെത്തിയത്. കാണാതായി അഞ്ച് ദിവസത്തിന് ശേഷമായിരുന്നു ഇത്.
അന്വേഷണ ഉദ്യോഗസ്ഥര്ക്ക് ലഭിച്ച വിവരമനുസരിച്ച്, സെപ്റ്റംബര്19-ന് പാര്ട്ടിക്ക് പോവുകയാണെന്ന വ്യാജേനെ ഇവരെ ഒരു സംഘം വാനില് കയറ്റി കൊണ്ടുപോവുകയായിരുന്നു. വിരലുകള് മുറിച്ച്, നഖങ്ങള് പറിച്ചുമാറ്റി, മര്ദിച്ച്, ശ്വാസംമുട്ടിച്ച് ക്രൂരമായാണ് മൂവരെയും കൊല ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള് ഇന്സ്റ്റാഗ്രാമില് സ്വകാര്യമായി പങ്കുവെക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. 45 പേര് വീഡിയോ കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നു.
തന്റെ പക്കല് നിന്ന് മയക്കുമരുന്ന് മോഷ്ടിച്ചവര്ക്ക് ഇങ്ങനെയാകും വിധി എന്ന് ഒരാള് പറയുന്നത് വീഡിയോയില് കേള്ക്കാമെന്നാണ് റിപ്പോര്ട്ട്. എന്നാല് ഇന്സ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇന്സ്റാഗ്രാമിലൂടെ ലൈവ് സ്ട്രീം നടന്നു എന്ന വാര്ത്ത നിഷേധിച്ചു. സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള് ആവശ്യപ്പെട്ടു. കേസില്, ഇതിനോടകം മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ 20 കാരനായ ഒരു പെറുവിയന് യുവാവ് ഇപ്പോഴും ഒളിവിലാണ്.
Content Highlights: 3 Argentinian Women Killed By Drug Gang