ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്നതിന് ഡിജിറ്റൽ ഐഡി നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമാണ് പുതിയ നീക്കം. പദ്ധതി അടുത്ത വർഷം ആദ്യം പാർലമെന്റിൽ നിയമം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ.
നിയമവിരുദ്ധമായി യു കെയിൽ ജോലിചെയ്യുന്നവരെ പുതിയ ഡിജിറ്റൽ ഐഡി പദ്ധതി പ്രതികൂലമായി ബാധിക്കുമെങ്കിലും ഇത് പൗരന്മാർക്കും നിയമാനുസൃതമായി ജോലി ചെയ്യുന്നവർക്കും നിരവധി പ്രയോജനങ്ങളാണ് ലഭ്യമാക്കുകയെന്നും സ്റ്റാർമർ വ്യക്തമാക്കി.
വ്യക്തിയുടെ പേര്, ജനനതീയതി, ദേശീയത, ഫോട്ടോ എന്നിവ ഉൾപ്പെടുന്ന ഐഡി ഫോണിലോ ഡിജിറ്റൽ ഉപകരണത്തിലോ സൂക്ഷിക്കാവുന്നതാണ്. വ്യക്തികൾ ഐഡി കൈവശം വെക്കുന്നതും ഹാജരാക്കേണ്ടതും നിർബന്ധമാകില്ലെങ്കിലും യുകെയിൽ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള ഒരു മാർഗമായി ഡിജിറ്റൽ ഐഡി നിർബന്ധമാക്കും. ഡിജിറ്റൽ ഐഡി ആണെങ്കിലും ഇത് ഏവർക്കും പ്രയോജനപ്പെടുത്താനാകും വിധമായിരിക്കും നടപ്പാക്കുക. അതായത് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ കഴിയാത്തവർക്കുപോലും പദ്ധതിയിലൂടെ ഗുണം ലഭിക്കും.
സുരക്ഷിതമായ അതിർത്തിയും നിയന്ത്രിത കുടിയേറ്റവും ന്യായമായ ആവശ്യങ്ങളാണെന്നും ഈ സർക്കാർ അത് കേൾക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഓരോ രാജ്യത്തിനും അതിന്റെ അതിർത്തികളിൽ നിയന്ത്രണം ആവശ്യമാണ് എന്നതാണ് സത്യം എന്നായിരുന്നു പദ്ധതിയെ കുറിച്ച് പ്രസംഗിക്കവെ സ്റ്റാമർ പറഞ്ഞത്. നമ്മുടെ രാജ്യത്ത് ആരെല്ലാമാണ് ഉള്ളതെന്ന് നമ്മൾ അറിയേണ്ടതുണ്ട്. ഡിജിറ്റൽ ഐഡി സംവിധാനം രാജത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ സഹായകമാകും. അതിർത്തികളെ കൂടുതൽ സുരക്ഷിതമാക്കാനും സേവനങ്ങൾ അതിവേഗത്തിൽ ലഭ്യമാകുന്നതിനടക്കം ഗുണം ചെയ്യുമെന്നും സ്റ്റാർമർ വ്യക്തമാക്കി.
Content Highlights: British Prime Minister Keir Starmer says digital ID will be mandatory for working in the UK