'ട്രംപ് സമാധാനപ്രിയൻ; ഇന്ത്യ-പാക് സംഘർഷം അവസാനിച്ചത് ട്രംപിന്റെ ഇടപെടലിലൂടെ'; പുകഴ്ത്തി ഷെഹ്ബാസ് ഷെരീഫ്

'ലോകത്താകെ സമാധാനത്തിന് ശ്രമിക്കുന്ന ട്രംപിനെ പാകിസ്താന്‍ സമാധാന നൊബേലിനായി ശുപാര്‍ശ ചെയ്യുകയാണ്'

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പുകഴ്ത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് ട്രംപിന്റെ ഇടപെടലിലൂടെയാണെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. വെടിനിര്‍ത്തലില്‍ ഇടപെട്ടത് ട്രംപാണ്. ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കില്‍ വലിയ യുദ്ധമാകുമായിരുന്നുവെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ട്രംപ് സമാധാനപ്രിയനാണെന്നും ഷെഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.

'പ്രസിഡന്റ് ട്രംപിന്റെ സമാധാന ശ്രമങ്ങളാണ് ദക്ഷിണേന്ത്യയിലെ യുദ്ധം ഒഴിവാക്കിയത്. അദ്ദേഹം തക്കസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ യുദ്ധത്തിന്റെ പ്രത്യാഘാതം മഹാദുരന്തമാകുമായിരുന്നു. ഇത്തരത്തില്‍ ലോകത്താകെ സമാധാനത്തിന് ശ്രമിക്കുന്ന ട്രംപിനെ പാകിസ്താന്‍ സമാധാന നൊബേലിനായി ശുപാര്‍ശ ചെയ്യുകയാണ്. അദ്ദേഹത്തിനായി തങ്ങള്‍ക്ക് ചെയ്യാനാകുന്നത് അതാണ്', ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടല്‍മൂലമാണെന്നുള്ള അവകാശവാദവുമായി ട്രംപ് പലകുറി രംഗത്തെത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ വാദം ഇന്ത്യ തള്ളുകയാണ് ചെയ്തത്. ആരുടെയും മധ്യസ്ഥതയില്ലാതെ ഇരുപക്ഷവും കൊണ്ടുവന്ന ധാരണപ്രകാരമാണ് വെടിനിര്‍ത്തലുണ്ടായതെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ദറും പറഞ്ഞിരുന്നു. ഇതിന് കടകവിരുദ്ധമായ നിലപാടാണ് ഐക്യരാഷ്ട്രസഭയില്‍ ഷെഹ്ബാസ് ഷെരീഫ് സ്വീകരിച്ചത്.

ഇന്ത്യക്കെതിരായ സംഘര്‍ഷത്തില്‍ പാകിസ്താനാണ് ജയിച്ചതെന്നും ഷെഹ്ബാസ് ഷെരീഫ് അവകാശവാദം ഉന്നയിച്ചു. മെയില്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് പ്രകോപനമില്ലാതെ ആക്രമണമുണ്ടായെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ശത്രുക്കളെ തങ്ങള്‍ നാണംകെടുത്തി മടക്കി അയച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ രാഷ്ട്രീയ മുതലെടുപ്പിനായി പാകിസ്താനെ ആക്രമിച്ചു. എന്നാല്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തില്‍ ശക്തമായ മറുപടി നല്‍കി. ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്നും ഷെഹ്ബാസ് ഷരീഫ് കൂട്ടിച്ചേര്‍ത്തു.

Content Highlights- Pak prime minister shehbaz sharif praise donald trum over india-pakistan clash

To advertise here,contact us