സനയില്‍ ആക്രമണം; ഡസന്‍ കണക്കിന് ഹൂതികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍, രണ്ട് പേര്‍ മാത്രമെന്ന് ഹൂതികള്‍

ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി നടത്തിയ പ്രസംഗത്തിനിടെയാണ് ആക്രമണം നടന്നത്

സന: യമന്‍ തലസ്ഥാനമായ സനയില്‍ ആക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തെ തുടര്‍ന്ന് നഗരം മുഴുവന്‍ പുകപടലങ്ങളാണെന്ന് അല്‍ മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ സനയില്‍ ആക്രമണം നടത്തിയത്. ആക്രമണം ഇസ്രയേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

12ഓളം യുദ്ധവിമാനങ്ങളും എയര്‍ സപ്പോര്‍ട്ട് യൂണിറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹൂതി ജനറല്‍ സ്റ്റാഫിന്റെ കമാന്‍ഡ് ആസ്ഥാനവും ഹൂതികളുടെ സുരക്ഷാ-രഹസ്യാന്വേഷണ ഉപകരണങ്ങളെയുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഹൂതി തീവ്രവാദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് അവകാശപ്പെട്ടു. എന്നാല്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും 48 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികള്‍ പറയുന്നത്.

ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി നടത്തിയ പ്രസംഗത്തിനിടെയാണ് ആക്രമണം നടന്നത്. 'ഗാസയിലെ ഇസ്രയേല്‍ ആക്രമണം രണ്ടാം വര്‍ഷമാകുമ്പോള്‍ ക്രൂരമായ ആക്രമണവും വംശഹത്യയുമാണ് നടത്തുന്നത്. വെടിനിര്‍ത്തലിനും ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനും വേണ്ടിയുള്ള പ്രമേയം സുരക്ഷാ സമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തു. അമേരിക്കയുടെ നിലപാട് ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ തുടരാന്‍ സഹായിക്കുന്നതാണ്', എന്ന പ്രസംഗത്തിനിടെയായിരുന്നു ആക്രമണം.

ബുധനാഴ്ച രാത്രിയാണ് ഇസ്രയേലിലെ തെക്കന്‍ നഗരമായ എയ്ലത്തില്‍ ഹൂതി ആക്രമണമുണ്ടായത്. 22 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ നഗരങ്ങള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും ഹൂതി ഭരണകൂടത്തിന് വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. വ്യോമാക്രമണ ഭീഷണിയോട് പ്രതികരിക്കാനുള്ള വഴികള്‍ ആലോചിക്കാന്‍ സൈന്യത്തോട് നെതന്യാഹു ആവശ്യപ്പെട്ടു. പിന്നാലെയാണ് സനയില്‍ ആക്രമണമുണ്ടായത്.

Content Highlights: Israel attack at Yemen

To advertise here,contact us