സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ; നടത്തിയത് അച്ഛനറിയാതെ അമ്മയുടെ സഹായത്തോടെ; 14-കാരിക്ക് ദാരുണാന്ത്യം

പിതാവ് കാർലോസ് അരെല്ലാനോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു

മെക്സിക്കോ സിറ്റി: സ്തന വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ നടത്തിയ 14-കാരിക്ക് ദാരുണാന്ത്യം. മെക്സിക്കോയിലെ ഡുറാൻഗോയിലാണ് സംഭവം. പലോമ നിക്കോൾ അരെല്ലാനോ എസ്കോബെഡോ എന്ന പെൺകുട്ടിയാണ് മരിച്ചത്. സെപ്റ്റംബർ 20-നായിരുന്നു സംഭവം. പിതാവിന്റെ അറിവില്ലാതെ അമ്മയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. പിതാവ് കാർലോസ് അരെല്ലാനോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അമ്മയുടെ കാമുകനും പെൺകുട്ടിയുടെ കാമുകനായ പ്ലാസ്റ്റിക് സർജനുമെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

ശവസംസ്കാര ചടങ്ങിനിടെ ശസ്ത്രക്രിയ നടത്തിയ പാടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പിതാവ് വിവരമറിയുന്നത്. പ്ലാസ്റ്റിക് സർജനായ വിക്ടറിനെ മെക്സിക്കൻ കൗൺസിൽ ഓഫ് പ്ലാസ്റ്റിക്, എസ്തെറ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി താൽക്കാലികമായി പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം നടത്താൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകളിൽ സെറിബ്രൽ എഡീമ (തലച്ചോറിന്റെ വീക്കം), ശ്വാസകോശത്തിന് കേടുപാടുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ 12-നാണ് ശസ്ത്രക്രിയ നടത്തിയത്. മകൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും അതിനാൽ മകളെ മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നുമാണ് അമ്മ കാർലോസിനെ അറിയിച്ചിരുന്നത്. സെപ്റ്റംബർ 19-നാണ് മകളെ അവസാനമായി അദ്ദേഹം സന്ദർശിച്ചത്. സെപ്റ്റംബർ 20-ന് മരിച്ചു. മെക്‌സിക്കോയിൽ പ്ലാസ്റ്റിക് സർജറിക്ക് പ്രത്യേക പ്രായപരിധി ഇല്ലെങ്കിലും 18 വയസ്സിന് താഴെയുള്ളവരുടെ ശസ്ത്രക്രിയ നടത്തണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണമെന്നതാണ് നിയമം. എന്നിരുന്നാലും കൗമാരക്കാരിൽ ഇത്തരം ശസ്ത്രക്രിയകൾ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് പലോമയുടെ മരണം ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Content Highlights: 14-Year-Old Girl Allegedly Dies After Secret Breast Enlargement Surgery

To advertise here,contact us