ട്രംപിന് പോകാനായി മാക്രോണിന്റെ വഴി മുടക്കി ന്യൂയോർക്ക് പൊലീസ്: ഉടൻ ട്രംപിനെ ഫോണിൽ വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ്

'നിങ്ങള്‍ക്കായി എല്ലാം അടച്ചിരിക്കുന്നതിനാല്‍ ഞാനിവിടെ കാത്തുനില്‍ക്കുകയാണ്' എന്നാണ് തമാശരൂപേണ മാക്രോണ്‍ ട്രംപിനോട് പറഞ്ഞത്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ക്രമീകരണങ്ങള്‍ നടത്തി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മാക്രോണിന്റെ വഴിമുടക്കി ന്യൂയോര്‍ക്ക് പൊലീസ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിലെ (യുഎന്‍ജിഎ) പ്രസംഗത്തിന് ശേഷം എംബസിയിലേക്ക് മടങ്ങുന്നതിനിടെയാണ് മാക്രോണിനെ ന്യൂയോര്‍ക്ക് പൊലീസ് തടഞ്ഞത്. ഡോണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് പോകാനായി എല്ലാ റോഡുകളും അടച്ചതിനാല്‍ മാക്രോണിന്റെ വാഹനവ്യൂഹം വഴിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മാക്രോണ്‍ സ്വയം റോഡിലേക്കിറങ്ങി ബ്ലോക്കിനെക്കുറിച്ച് അറിയാന്‍ പൊലീസുകാരെ സമീപിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

'ക്ഷമിക്കണം മിസ്റ്റര്‍ പ്രസിഡന്റ്, ഇപ്പോള്‍ എല്ലായിടവും അടച്ചിരിക്കുകയാണ്' എന്ന് ഒരു പൊലീസുകാരന്‍ ഇമ്മാനുവല്‍ മാക്രോണിനോട് പറയുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഇതോടെ അവിടെ നിന്നുതന്നെ മാക്രോണ്‍ ട്രംപിനെ ഫോണില്‍ വിളിച്ചു. വഴിയരികില്‍ ബാരിക്കേഡിന് അകത്തുനിന്ന് ജനക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു മാക്രോണിന്റെ പ്രവൃത്തി. 'സുഖമായിരിക്കുന്നോ? നിങ്ങള്‍ക്കൊരു കാര്യമറിയാമോ? നിങ്ങള്‍ക്കായി എല്ലാം അടച്ചിരിക്കുന്നതിനാല്‍ ഞാനിവിടെ കാത്തുനില്‍ക്കുകയാണ്' എന്നാണ് തമാശരൂപേണ മാക്രോണ്‍ ട്രംപിനോട് പറഞ്ഞത്.

ഇതിനിടെ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോവുകയും റോഡ് തുറന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇമ്മാനുവല്‍ മാക്രോണ്‍ കാറിലേക്ക് മടങ്ങിയില്ല. പകരം ട്രംപിനോട് ഫോണില്‍ സംസാരിച്ചുകൊണ്ട് തെരുവിലൂടെ നടക്കുകയായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് സുരക്ഷാ സന്നാഹങ്ങളോ ബഹളങ്ങളോ ഇല്ലാതെ തെരുവിലൂടെ നടക്കുന്നത് ന്യൂയോര്‍ക്കുകാര്‍ക്ക് അപൂര്‍വ കാഴ്ച്ചയായിരുന്നു. നടന്നുപോകുന്ന വഴിയില്‍ ആളുകള്‍ ഫോട്ടോ എടുക്കാനും സെല്‍ഫിയെടുക്കാനും ചുറ്റും കൂടിയപ്പോള്‍ സന്തോഷത്തോടെ അവര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന മാക്രോണിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Content Highlights: NewYork police blocked Macron's way for Trump's convoy to pass: French President dialled Trump

To advertise here,contact us