'ഞങ്ങളുടെ രാജ്യം നിറഞ്ഞു, ഇനിയും ഇന്ത്യക്കാരെ ആവശ്യമില്ല'; ചര്‍ച്ചയായി ചാര്‍ളി കിര്‍ക്കിന്റെ പോസ്റ്റ്

സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഈ പോസ്റ്റ് കിര്‍ക്ക് എക്‌സില്‍ പങ്കുവെച്ചത്.

ന്യൂയോര്‍ക്ക്: എച്ച്-1 ബി വിസയ്ക്കുള്ള വാര്‍ഷിക ഫീസ് ഉയര്‍ത്തിക്കൊണ്ടുള്ള അമേരിക്കന്‍ തീരുമാനത്തിന് പിന്നാലെ ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനും യാഥാസ്ഥിതിക സംഘടന സ്ഥാപകനുമായ ചാര്‍ളി കിക്കിന്റെ പഴയ എക്‌സ് പോസ്റ്റ് ചര്‍ച്ചയാവുന്നു. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യക്കാരെ വലിയ തോതില്‍ ബാധിക്കുന്ന ഒന്നാണ്. ഈ സമയത്താണ് ഇന്ത്യക്കാരെ കുറിച്ചുള്ള കിര്‍ക്കിന്റെ പഴയ പോസ്റ്റ് ചര്‍ച്ചയാവുന്നത്. കിര്‍ക്ക് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

'ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് അമേരിക്ക ഇനിയും കൂടുതല്‍ വിസകള്‍ നല്‍കേണ്ട ആവശ്യമില്ല. ഇന്ത്യയില്‍ നിന്നുള്ള നിയമപരമായ കുടിയേറ്റം പോലെ അമേരിക്കന്‍ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കിയ മറ്റൊന്നില്ല. മതിയായി. ഞങ്ങളുടെ രാജ്യം നിറഞ്ഞു. നമുക്ക് ഇനിയെങ്കിലും നമ്മുടെ സ്വന്തം ആളുകള്‍ക്ക് മുന്‍ഗണന നല്‍കാം.' എന്നായിരുന്നു കിര്‍ക്കിന്റെ എക്‌സ് പോസ്റ്റ്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഈ പോസ്റ്റ് കിര്‍ക്ക് എക്‌സില്‍ പങ്കുവെച്ചത്.

ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇന്‍ഹാമിന്റെ പോസ്റ്റിന് മറുപടിയായാണ് കിര്‍ക്ക് ഇങ്ങനെ ഒരു കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യമായുള്ള ഏതൊരു യുഎസ് വ്യാപാര കരാറിനും കൂടുതല്‍ വിസകള്‍ നല്‍കേണ്ടി വരുമെന്ന് അവര്‍ വാദിച്ചിരുന്നു. 'അവര്‍ക്ക് വിസകളുടെയും വ്യാപാരകമ്മിയുടെയും രൂപത്തില്‍ പ്രതിഫലം നല്‍കാതിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' എന്നാണ് ഇന്‍ഗ്രഹാം എക്‌സില്‍ കുറിച്ചത്.

വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ വഴി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച് കിര്‍ക്കിന് വിദ്വേഷപരമായ നിലപാടാണ് ഉണ്ടായിരുന്നത്. കിര്‍ക്കിന്റെ പരാമര്‍ശങ്ങളെ 'വിദേശികളോടുള്ള വെറുപ്പ്' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

Content Highlights: Charlie Kirck's old ex-post about Indians is becoming a topic of discussion

To advertise here,contact us