ലണ്ടന്: വീസാ ഫീസ് എടുത്തുകളയാന് ബ്രിട്ടന് പദ്ധതിയിടുന്നതായി റിപ്പോര്ട്ട്. ലോകമെമ്പാടുമുള്ള മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റല് വിദഗ്ധരെയും ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് എച്ച്-1 ബി വിസാ ഫീസ് അമേരിക്ക ഒരു ലക്ഷം ഡോളറിലേക്ക് ഉയര്ത്തിയത്. ആഗോള പ്രതിഭകളെ യു കെയിലേക്ക് എത്തിച്ച് രാജ്യത്തിന്റെ വളര്ച്ച ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രി കെയിര് സ്റ്റാര്മറിന്റെ ബിസിനസ് ഉപദേഷ്ടാവായ വരുണ് ചന്ദ്രയും മന്ത്രി ലോര്ഡ് പാട്രിക് വാലന്സും അധ്യക്ഷരായി 'ഗ്ലോബല് ടാലന്റ് ടാസ്ക് ഫോഴ്സ്' രൂപീകരിച്ചിട്ടുണ്ട്. മികച്ച നേട്ടങ്ങളുള്ള പ്രഗത്ഭര്ക്ക് വിസ ചാര്ജുകള് ഒഴിവാക്കുകയാണ് മുന്നോട്ട് വെക്കുന്ന ഒരു പ്രൊപ്പോസല്.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് യൂണിവേഴ്സിറ്റികളില് പഠിച്ചവരെക്കുറിച്ചോ അഭിമാനകരമായ നേട്ടങ്ങള് സ്വന്തമാക്കിയവരെക്കുറിച്ചോ ആണ് നമ്മള് സംസാരിക്കുന്നതെന്നും ചെലവ് പൂജ്യമായി കുറക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങള് പരിഗണിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.
സെപ്തംബര് 19നാണ് അമേരിക്ക എച്ച് 1 ബി വിസയുടെ വാര്ഷിക ഫീസ് 88 ലക്ഷത്തോളം രൂപയാക്കി ഉയര്ത്തിയത്. അമേരിക്കന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യു എസ് ട്രഷറിയുടെ വരുമാനം ഉയര്ത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയര്ത്തിയതെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്. ഉയര്ന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് ഫീസ് ഉയര്ത്തിയതിന്റെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാല് അമേരിക്കയിലെ പല ചെറിയ തസ്തികകളില് പോലും തദ്ദേശീയര്ക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങള് നിലനിന്നിരുന്നു. ഈ സാഹചര്യത്തെ മുതലെടുക്കാനുള്ള നീക്കമാണ് ബ്രിട്ടന് നടത്തുന്നത്.
Content Highlights: Britain is weighing plans to scrap visa fees Report