'ഒരിഞ്ച് മണ്ണുപോലും വിട്ടുനൽകില്ല'; ബഗ്രാമിൽ കണ്ണുവെക്കേണ്ടെന്ന് താലിബാൻ, ട്രംപിന്‍റെ മോഹത്തിന് തിരിച്ചടി

വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ തള്ളി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിന് വിലങ്ങിട്ട് താലിബാൻ. വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ തള്ളിയതായാണ് റിപ്പോർട്ടുകൾ.

2001 സെപ്തംബർ 11 ലെ ഭീകരാക്രമണത്തെ തുടർന്ന് യുഎസ് സൈന്യം ഉപയോഗിച്ചിരുന്ന താവളത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനാണ് ട്രംപിന്റെ ശ്രമം. എന്നാൽ 2021ൽ യുഎസ് സൈന്യം പിൻവാങ്ങിയതോടെ താലിബാന്റെ നിയന്ത്രണത്തിലാണ് ബഗ്രാം വ്യോമതാവളം.

ട്രംപിന്റെ വാദത്തെ തള്ളിക്കളഞ്ഞ താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്, അമേരിക്ക യാഥാർത്ഥ്യബോധത്തോടെയും യുക്തിയോടെയും നയങ്ങൾ സ്വീകരിക്കണമെന്ന താക്കീതും നൽകി.

അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണുപോലുംഅമേരിക്കയ്ക്ക് വിട്ടുനല്‍കില്ലെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട മേധാവി ഫസിഹുദ്ദീന്‍ ഫിത്രത് പറഞ്ഞു. ചില ആളുകള്‍ രാഷ്ട്രീയ നീക്കങ്ങളിലൂടെ ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി അഫ്ഗാനിസ്ഥാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവെന്നും ചില ആളുകള്‍ അടുത്തിടെ പറഞ്ഞതായി ശ്രദ്ധയില്‍പെട്ടു. അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണില്‍ പോലും ഒരു കരാര്‍ സാധ്യമല്ല. തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബഗ്രാം വ്യോമതാവളം തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. നിർമിച്ച യുഎസിന് തന്നെ വ്യോമതാവളം തിരികെ നൽകണം. അല്ലാത്ത പക്ഷം മോശം കാര്യങ്ങൾ സംഭവിക്കുമെന്നായിരുന്നു ട്രംപ് ട്രൂത്തിൽ കുറിച്ചത്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽനിന്നും 64 കിലോമീറഅറർ അകലെയാണ് ബഗ്രാം വ്യോമതാവളം. 2001 സെപ്തംബർ 11 ല്‍ യുഎസിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക നീക്കങ്ങളുടെ സുപ്രധാന കേന്ദ്രമായിരുന്നു ഇവിടം. എന്നാൽ 2021 ജൂലൈയിൽ യുഎസ്, നാറ്റോ സൈനികർ ഇവിടെനിന്ന് പിൻവാങ്ങുകയായിരുന്നു.

Content Highlights: US deal on Bagram base not possible says Afghan Taliban official

To advertise here,contact us