ലണ്ടന്: ഗാസയില് ഇസ്രയേലിന്റെ വംശീയഹത്യ തുടരുന്നതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും. പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവനയിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് നീക്കം.
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയര് സ്റ്റാര്മര് പറഞ്ഞു. ഗാസയില് തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പലസ്തീനികള്ക്കും ഇസ്രായേലികള്ക്കും സമാധാനവും മികച്ച ഭാവിയും ഉണ്ടാകണം. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും സ്റ്റാര്മര് വ്യക്തമാക്കി.
പലസ്തീനെ രാജ്യമായി യുകെ അംഗീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേല് രംഗത്തെത്തി. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് ഹമാസിനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നുമല്ലെന്ന് ഇസ്രയേല് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുകെയിലുള്ള മുസ്ലിം ബ്രദറല്ഹുഡ് ഇതിന് ധൈര്യപ്പെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിര്പ്പ് മറികടന്നാണ് പലസ്തിനെ യുകെ രാഷ്ട്രമായി പ്രഖ്യാപിച്ചത്. നേരത്തേ ട്രംപിന്റെ ബ്രിട്ടന് സന്ദര്ശനത്തിനിടെയായിരുന്നു കെയര് സ്റ്റാര്മര് പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന തീരുമാനം അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
Content Highlights- UK, Canada and Australia announce formal recognition of Palestinian state