വിടവാങ്ങൽ ചിത്രമെന്ന പേരിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്:അടുത്ത നീക്കമെന്ത്?

1986-ല്‍ ലെബനനില്‍ നിന്ന് കാണാതാവുകയും പിന്നീട് 2016-ല്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത ഇസ്രയേല്‍ വ്യോമസേന ക്യാപ്റ്റനാണ് റോണ്‍ അരാദ്

ഗാസ സിറ്റി: ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. 'വിടവാങ്ങല്‍ ചിത്രം' എന്ന അടിക്കുറിപ്പോടെയാണ് ഹമാസിന്റെ സായുധസേനാ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ബന്ദികളാക്കപ്പെട്ട 47 പേരുടെ ചിത്രമാണ് ഹമാസ് പുറത്തുവിട്ടത്. 1986-ല്‍ പിടിക്കപ്പെട്ട ഇസ്രയേലി വ്യോമസേന ഉദ്യോഗസ്ഥനായ റോണ്‍ അരാദിന്റെ പേരാണ് ഹമാസ് എല്ലാ ബന്ദികള്‍ക്കും നല്‍കിയിരിക്കുന്നത്. എല്ലാവര്‍ക്കും റോണിന്റെ പേരിനൊപ്പം നമ്പറും നല്‍കിയിട്ടുണ്ട്. 1986-ല്‍ സൈനിക നീക്കത്തിനിടെ ലെബനനില്‍ നിന്ന് കാണാതായ റോണിനെ തീവ്രവാദ ഗ്രൂപ്പായ അമൽ പിടികൂടി ഹിസ്ബുളളയ്ക്ക് കൈമാറിയതായാണ് റിപ്പോർട്ട്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹമാസ് ബന്ദികളുടെ ചിത്രം പങ്കുവെച്ചത്.

'നെതന്യാഹുവിന്റെ വിസമ്മതവും സമീറിന്റെ (ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍) വഴങ്ങലും കാരണം ഗാസ സിറ്റിയില്‍ ഗാസ സിറ്റിയില്‍ സൈനിക നടപടി ആരംഭിക്കുമ്പോള്‍ ഒരു വിടവാങ്ങല്‍ ചിത്രം' എന്നാണ് ബന്ദികളുടെ ചിത്രങ്ങള്‍ക്കൊപ്പം ഹമാസ് അടിക്കുറിപ്പ് നല്‍കിയത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഹമാസുമായുളള കരാര്‍ നെതന്യാഹു നിരന്തരം നിരസിക്കുന്നതിനെയും ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീറിന്റെ നേതൃത്വത്തില്‍ കരയുദ്ധമടക്കം നടക്കുന്നതിനെയും കുറിച്ചുളള പരാമര്‍ശമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഹമാസിനെ ഇല്ലാതാക്കുമെന്നും ബന്ദികളെ ഉടന്‍ തിരികെ എത്തിക്കുമെന്നും നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറയുന്നതിനിടെയാണ് ഹമാസ് വിടവാങ്ങല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇസ്രയേലി പ്രസിദ്ധീകരണമായ വൈനെറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 47 ഇസ്രയേലി ബന്ദികളില്‍ 20 പേര്‍ മാത്രമാണ് നിലവില്‍ ജീവനോടെയുളളത്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ 30 ഇസ്രയേലി തടവുകാരെയാണ് ഹമാസ് വിട്ടയച്ചത്.

അതേസമയം, ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. വടക്കന്‍ ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അല്‍ഖിര്‍ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അറിയിച്ചത്.

ഗാസയില്‍ ഇന്നലെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. 146 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു. 147 കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 440 ആയി. ഗാസ നഗരത്തില്‍ നിന്ന് ഏകദേശം 480,000 പേര്‍ പലായനം ചെയ്തതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

Content Highlights: Hamas releases a picture of captured Israeli hostages as a farewell photo with name of ron arad

To advertise here,contact us