ടെൽ അവീവ്: ഗാസ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ നടത്തുന്ന കരയുദ്ധത്തിൽ ഗാസവാസികൾ നേരിടുന്നത് കടുത്ത ആക്രമണങ്ങൾ. 'ഗിദയോൻ ചാരിയറ്റ്സ് 2' എന്ന പേരിൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധത്തിൽ രാവിലെ മുതൽ ഇതുവരെ 89 പേരാണ് കൊല്ലപ്പെട്ടത്. മെഡിറ്ററേനിയൻ കടൽതീരത്തോട് ചേർന്ന് കിടക്കുന്ന ഗാസയുടെ ഭൂപടം മാറ്റിയെഴുതുന്ന തരത്തിലായിരിക്കും കരയുദ്ധമെന്നാണ് ഇസ്രയേൽ സേന നൽകുന്ന സൂചന.
ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിപാർക്കുന്ന ഗാസയിൽ രാത്രിയിലും ഇസ്രയേൽ കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ജീവൻ രക്ഷിക്കാൻ ജനങ്ങൾ വടക്കൻ ഗാസയിൽനിന്നും കൂട്ട പലായനം ചെയ്യുകയാണ്. അൽ മവാസിയിലേക്കുളള അൽറാഷിദ് എന്ന തീര ദേശ റോഡ് മാത്രമാണ് പലായനം ചെയ്യുന്നതിന് ഇസ്രായേൽ അനുവദിച്ചിരിക്കുന്നത്. ജനങ്ങളോട് ഗാസയിൽനിന്നും ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.
ഗാസ മുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഉച്ചയോട് കൂടി കരയാക്രമണം കൂടി ആരംഭിച്ചതോടെ ചോരക്കളമായി മാറിയിരിക്കുകയാണ് ഗാസ നഗരം. അല് ദറാജ്, അല് നസർതുടങ്ങി പല മേഖലകളിലും കനത്ത ആക്രമണം ഉണ്ടായി. ബോംബാക്രമണത്തിൽ പല പാർപ്പിട സമുച്ചയങ്ങളും തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു.
കരയുദ്ധത്തിനെതിരെ ബന്ദികളുടെ കുടുംബം രംഗത്തുവന്നു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിനുമുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി. ഇതിനിടെ, പലസ്തീനികളെ ഇസ്രയേൽ വംശഹത്യ നടത്തുകയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ റിപ്പോർട്ട് വ്യാജവും വളച്ചൊടിച്ചതുമാണ് റിപ്പോർട്ടെന്നാണ് ഇസ്രായേൽ പ്രതികരണം.
അതിനിടെ യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുളള ഹൊദെയ്ദ തുറമുഖത്തിന് നേർക്കും ഇസ്രായേൽ ആക്രമണം നടത്തി. യെമനിൽ നിന്ന് ഇസ്രായേലിലേക്ക് തിരിച്ചും ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ലെബനനിലെ എയ്ത അൽ ഷാബ് എന്ന ഗ്രാമത്തിൽ ഇസ്രയേൽ ഡ്രോണുകൾ പതിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
Content Highlights: Israel attack at Gaza, Forcing Desperate Palestinians to Flee