യുഎസില്‍ മോഷണത്തിനിടെ പിടിയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; വീഡിയോ വീണ്ടും വൈറല്‍

മോഷണം എച്ച് 1 ബി വിസയുടെ നടപടി ക്രമങ്ങളെ ബാധിക്കുമോയെന്ന് വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്ന ദൃശ്യങ്ങളും പൊലീസ് പങ്കുവച്ചു

വാഷിങ്ടണ്‍: യുഎസിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച് കടക്കുന്നതിനിടെ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ ഇതിനകം യുഎസിലെ വിവിധ പോലീസ് വകുപ്പുകള്‍ പുറത്ത് വിട്ടു. രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ യുഎസിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങളുമായി കടക്കുന്നതിനിടെ പിടിയിലായ ദൃശ്യങ്ങള്‍ ഇതിനിടെ യുഎസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ മോഷണം എച്ച് 1 ബി വിസയുടെ നടപടി ക്രമങ്ങളെ ബാധിക്കുമോയെന്ന് വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടുന്ന ദൃശ്യങ്ങളും പോലീസ് പങ്കുവച്ചു.

20 വയസ്സുള്ള ഭവ്യ ലിംഗനഗുണ്ടയും 22 വയസ്സുള്ള യാമിനി വാല്‍ക്കല്‍പുടിയുമാണ് അറസ്റ്റിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍.ഹോബോക്കനിലെ ഒരു ഷോപ്പ് റൈറ്റ് ഔട്ട്ലെറ്റില്‍ നിന്നാണ് ഇരുവരെയും മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2024 മാര്‍ച്ചിലാണ് സംഭവം നടന്നത്. അന്നും ഇരുവരുടെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലായിരുന്നു. യുഎസിലുടനീളം ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട സമാനമായ മോഷണ കേസുകളുടെ നിരവധി വീഡിയോകള്‍ അടുത്തിടെ യുഎസ് പൊലീസില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഈ വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റിന് തൊട്ടുമുമ്പ് ന്യൂജേഴ്സിയിലേക്ക് താമസം മാറിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ ബില്ലിംഗ് കൗണ്ടറില്‍ രണ്ട് ഇനങ്ങള്‍ക്ക് മാത്രം പണം നല്‍കി പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍, 155.61 ഡോളര്‍ (ഏകദേശം 13,600 രൂപ) വിലമതിക്കുന്ന 27 സാധനങ്ങള്‍ പണം നല്‍കാതെ പുറത്ത് കടത്താന്‍ യുവതികള്‍ ശ്രമിച്ചു. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് സ്റ്റോര്‍ ജീവനക്കാര്‍ പോലീസിനെ വിളിച്ചു. വീഡിയോയില്‍ തങ്ങള്‍ മുഴുവന്‍ തുകയും നല്‍കാന്‍ തയ്യാറാണെന്ന് യുവതികള്‍ പൊലീസിനോട് പറയുന്നത് കേള്‍ക്കാം. എന്ത് കൊണ്ട് അത് ആദ്യം ചെയ്തില്ലെന്ന് ചോദിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലായിരുന്നുവെന്നും മറന്ന് പോയതാണെന്നുമായിരുന്നു യുവതികളുടെ മറുപടി.

എന്നാല്‍, ഇരുവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചപ്പോള്‍ ഇരട്ടി തുക നല്‍കാമെന്നായിരുന്നു യുവതികളുടെ മറുപടി. പക്ഷേ, യുവതികളെ വിശ്വാസത്തിലെടുക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ല. ആ ഷോപ്പിലേക്ക് തിരികെ വരില്ലെന്ന് അറിയിച്ച് കൊണ്ടുള്ള പേപ്പറില്‍ ഇരുവരും ഒപ്പ് വയ്ക്കുന്നു. ഇതിനിടെ യുവതികള്‍ വിഷയം തങ്ങളുടെ എച്ച് 1 ബി വിസയെയോ ജോലി സാധ്യതയെയോ ബാധിക്കുമോയെന്ന് ആശങ്കപ്പെടുന്നു. വിഷയം കോടതിയിലേക്ക് പോകുമെന്നും ഇത്തരം കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെടുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നു. പിന്നാലെ ഇരുവരെയും വിലങ്ങ് വച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

Content Highlight; Indian students caught stealing goods in the US

To advertise here,contact us