'ലോകം ദുഷിച്ചത്, ചാര്‍ളിയെ മറക്കാന്‍ നിങ്ങളെയാരെയും അനുവദിക്കില്ല'; ഹൃദയം പൊട്ടി ചാര്‍ളിയുടെ ഭാര്യ എറിക്ക

'എനിക്ക് സംസാരിക്കാന്‍ വാക്കുകളില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല'

വാഷിങ്ടണ്‍: അമേരിക്കയിലെ യുട്ടാ സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്‍റെ സംസ്കാരചടങ്ങില്‍ നിന്നുള്ള ഹൃദയഭേദകമായ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ഭാര്യ എറിക്ക. കിര്‍ക്കിന്‍റെ മൃതദേഹത്തിനരികില്‍ ഇരുന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്ന ചിത്രങ്ങളാണ് എറിക്ക പങ്കുവച്ചിരിക്കുന്നത്. കിർക്കിനൊപ്പം ചെലവഴിച്ച നിമിഷങ്ങളും ഓർമകളും എറിക്ക തന്‍റെ പോസ്റ്റിലൂടെ പങ്കുവച്ചു.

'ഈ ലോകം ദുഷിച്ചതാണ്. ഈ വിധവയുടെ കരച്ചില്‍ ഒരു യുദ്ധ കാഹളം പോലെ ലോകത്താകെ പ്രതിധ്വനിക്കുന്നു. ഇതിന്റെയെല്ലാം അര്‍ഥമെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ഭാര്യയുടെ ഉള്ളില്‍ എന്താണ് ജ്വലിപ്പിച്ചത് എന്ന് അവര്‍ക്ക് അറിയില്ല. നിങ്ങളൊരിക്കലും എന്റെ ഭര്‍ത്താവിനെ മറക്കില്ല, അക്കാര്യം ഞാന്‍ ഉറപ്പുവരുത്തും.' കുറിപ്പില്‍ എറിക്ക പറയുന്നു.

വലതുപക്ഷ അനുഭാവിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ളി കിര്‍ക്ക് ബുധനാഴ്ച്ച അമേരിക്കയിലെ യുട്ടാ സര്‍വകലാശാലയില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ 22കാരനായ ടൈലര്‍ റോബിന്‍സണ്‍ എന്ന യുവാവിനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന യൂട്ടാ സര്‍വകലാശാല ക്യാംപസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിയോണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് നിന്നാണ് റോബിന്‍സനെ അറസ്റ്റ് ചെയ്തതെന്നും സ്‌പെന്‍സര്‍ കോക്‌സ് വ്യക്തമാക്കിയിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത മേല്‍വസ്ത്രവും കറുത്ത ഗ്ലാസും തൊപ്പിയും ധരിച്ചയാള്‍ വെടിവെപ്പിന് ശേഷം രണ്ടാം നിലയില്‍ നിന്ന് ചാടി ഓടിമറയുന്നതിന്റെ ദൃശ്യവും പുറത്തുവന്നിരുന്നു. ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസിലാക്കി റോബിന്‍സനിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്.

Content Highlight; Charlie Kirk’s Wife’s Last Moments With His Body

To advertise here,contact us