അമേരിക്കയിൽ ഇന്ത്യൻ വംശജനെ തലയറുത്ത് കൊന്നു

ഭാര്യയുടെയും മകന്റെയും മുന്നിൽവെച്ചായിരുന്നു അരുംകൊല

ഹൂസ്റ്റണ്‍: അമേരിക്കന്‍ ഇന്ത്യന്‍ വംശജനെ തലയറുത്ത് കൊന്നു. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യയെ(50)യാണ് സഹപ്രവര്‍ത്തകന്‍ തലയറുത്ത് കൊന്നത്. ഡല്ലാസിലെ ഡൗണ്‍ടൗണ്‍ സൂട്ട്‌സ് മോട്ടലിലാണ് സംഭവം. ഭാര്യയുടെയും പതിനെട്ട് വയസുകാരനായ മകന്റെയും മുന്നില്‍വെച്ചാണ് ചന്ദ്രമൗലിയെ സഹപ്രവര്‍ത്തകന്‍ കോബോസ് മാര്‍ട്ടിനെസ് (37) കൊലപ്പെടുത്തിയത്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അരുംകൊലയില്‍ കലാശിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനാണ് സംഭവം നടന്നത്. മോട്ടലില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം മുറി വൃത്തിയാക്കുകയായിരുന്നു കോബോട്ട് മാര്‍ട്ടിനസ്. ഈ സമയം ചന്ദ്രമൗലി അവിടേയ്ക്ക് വരികയും വാഷിംഗ് മെഷീന്‍ പ്രവര്‍ത്തനരഹിതമാണെന്നും ഉപയോഗിക്കരുതെന്നും പറഞ്ഞു. ഇതേ ചൊല്ലി ചന്ദ്രമൗലിയും കോബോസും തമ്മിൽ തർക്കമായി. പിന്നാലെ കോബോസ് മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ഒരു വെട്ടുകത്തിയുമായി തിരികെ വരികയും ചെയ്തു. പിന്നാലെ ചന്ദ്രമൗലിയെ ആക്രമിക്കാന്‍ തുനിഞ്ഞു. ഭയന്ന ചന്ദ്രമൗലി മോട്ടലിന്റെ പാര്‍ക്കിംഗ് മേഖലയിലേക്ക് ഓടി. എന്നാല്‍ പിന്നാലെ എത്തിയ കോബോസ് ചന്ദ്രമൗലിയെ ആക്രമിക്കുകയായിരുന്നു.

ചന്ദ്രമൗലിയുടെ നിലവിളി കേട്ട് ഭാര്യയും മകനും പാര്‍ക്കിംഗ് മേഖലയിലേക്ക് എത്തിയെങ്കിലും കോബോസ് ആക്രമണം തുടര്‍ന്നു. ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് ചന്ദ്രമൗലിയെ കോബോട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം രക്തം പുരണ്ട കത്തിയുമായി പ്രതി അവിടെ തന്നെ തുടര്‍ന്നു. പൊലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോബോസിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പൊലീസ് പറഞ്ഞു. ഇയാളെ മുന്‍പ് മോഷണക്കുറ്റത്തിനും ആക്രമണം നടത്തിയതിനും അറസ്റ്റ് ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു.

Content Highlights- Indian orgin man killed by co worker in us motel

To advertise here,contact us