'പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല'; അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന നീക്കവുമായി ബെഞ്ചമിൻ നെതന്യാഹു

അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന കുടിയേറ്റ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള കരാറിൻ്റെ ഒപ്പുവെക്കൽ ചടങ്ങിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം

ജറുസലേം: പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന കുടിയേറ്റ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള കരാറിൻ്റെ ഒപ്പുവെക്കൽ ചടങ്ങിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിൻ്റെ പ്രഖ്യാപനം. 'പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന വാഗ്ദാനം ഞങ്ങൾ നിറവേറ്റാൻ പോകുന്നു, ഈ സ്ഥലം ഞങ്ങളുടേതാണ്' എന്നായിരുന്നു ജറുസലേമിൻ്റെ കിഴക്കുള്ള ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമിൽ നടന്ന പരിപാടിയിൽ നെതന്യാഹു വ്യക്തമാക്കിയത്. 'നമ്മുടെ പൈതൃകം, നമ്മുടെ ഭൂമി, സുരക്ഷ എന്നിവ ഞങ്ങൾ സംരക്ഷിക്കും. നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കും' എന്നും നെതന്യാഹു വ്യക്തമാക്കി.

E1 എന്നറിയപ്പെടുന്ന ഏകദേശം 12 ചതുരശ്ര കിലോമീറ്റർ (അഞ്ച് ചതുരശ്ര മൈൽ) ഭൂമിയിൽ നിർമ്മാണം നടത്താനുള്ള നീക്കം ഇസ്രയേൽ വളരെക്കാലമായി നടത്തുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര എതിർപ്പിനെത്തുടർന്ന് ഈ പദ്ധതി വർഷങ്ങളായി വൈകുകയായിരുന്നു. പലസ്തീൻ പ്രദേശത്തിന്റെ വടക്കും തെക്കും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകൾക്ക് സമീപമാണ് ജറുസലേമിനും ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമിനും ഇടയിലുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പുതിയ പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇസ്രയേൽ കൈവശപ്പെടുത്തിയിരിക്കുന്ന കിഴക്കൻ ജറുസലേമിലേയ്ക്ക് പലസ്തീൻ ജനതയ്ക്ക് എത്തപ്പെടാനുള്ള സാധ്യതകൾ പരിമിതപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ പ്രദേശം പിടിച്ചെടുക്കണമെന്ന് തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രായേൽ മന്ത്രിമാർ അടുത്തിടെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. E1ൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും ഏകദേശം ഒരു വർഷത്തിനുള്ളിൽ ഭവന നിർമ്മാണം ആരംഭിക്കുമെന്നും വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഇസ്രായേലി എൻ‌ജി‌ഒ പീസ് നൗ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പിടിച്ചടക്കിയ കിഴക്കൻ ജറുസലേമിനെ മാറ്റിനിർത്തിയാൽ വെസ്റ്റ് ബാങ്കിൽ ഏകദേശം മൂന്ന് ദശലക്ഷം പലസ്തീനികളും ഏകദേശം 500,000 ഇസ്രായേലി കുടിയേറ്റക്കാരും അധിവസിക്കുന്നുണ്ട്.

ഇവിടെ ഏകദേശം 3,400 സെറ്റിൽമെൻ്റുകൾ നിർമ്മിക്കാനുള്ള പദ്ധതികളെ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പിന്തുണച്ചിരുന്നു. ഇസ്രയേൽ ധനമന്ത്രിയുടെ പ്രഖ്യാപനത്തെ നേരത്തെ ഐക്യരാഷ്ട്രസഭയുടെ മേധാവി അൻ്റോണിയോ ​ഗുട്ടെറസ് അപലപിച്ചിരുന്നു. ഈ പ​ദ്ധതി വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുമെന്നും പലസ്തീൻ രാഷ്ട്രത്തിന് "അസ്തിത്വ ഭീഷണി" ഉയർത്തുമെന്നുമായിരുന്നു ​ഗുട്ടെറസിൻ്റെ നിലപാട്. 1967 മുതൽ ഇസ്രയേൽ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിലെ എല്ലാ കുടിയേറ്റങ്ങളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്.

ബ്രിട്ടനും ഫ്രാൻസും സ്പെയ്നും അടക്കം നിരവധി പാശ്ചാത്യ രാജ്യങ്ങൾ ഈ മാസം അവസാനം ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അം​ഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിൻ്റെ ഈ നീക്കം. ​ഗാസയിലെ വിനാശകരമായ യുദ്ധത്തിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും നേരത്തെ ബ്രിട്ടൻ അറിയിച്ചു.

Content Highlights: Benjamin Netanyahu Vows There will Be No Palestinian State

To advertise here,contact us