യമനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 35 പേര്‍; ആരോഗ്യകേന്ദ്രത്തെ ലക്ഷ്യമിട്ടും ആക്രമണം

ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ യമനിലും ആക്രമണം നടത്തിയത്

സനാ: യമനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ആക്രമണത്തില്‍ ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. യമന്‍ തലസ്ഥാനമായ സനായിലും അല്‍ ജൗഫിലുമായിരുന്നു ആക്രമണം. ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേല്‍ യമനിലും ആക്രമണം നടത്തിയത്. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ജെറുസലേമിന് നേരെ ഹൂത്തികള്‍ മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ 130ലധികം പേര്‍ക്ക് പരിക്കേറ്റെന്ന് യമനിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. സനയിലെ അല്‍ താഹ്‌റിര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളിലും മറ്റുമാണ് ആക്രമണം നടന്നതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. തെക്ക് പടിഞ്ഞാറന്‍ സനയിലെ ആരോഗ്യകേന്ദ്രം തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ഹൂതികള്‍ നിയന്ത്രിക്കുന്ന മാസിറാഹ് ടിവി പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ കടന്നുകയറ്റത്തിനെതിരെ എയര്‍ ഡിഫന്‍സ് സിസ്റ്റം പ്രവര്‍ത്തിച്ചെന്നും ചില ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ ചെറുക്കാനായെന്നും ഹൂത്തി സൈനിക വക്താവ് യഹ്യ സാരി വ്യക്തമാക്കി.

ദോഹയിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് നേരെ യമൻ ബാലിസ്റ്റിക് മിസൈൽ തൊടുത്തിരുന്നു . ചാവു കടലിനോട് ചേർന്ന ജെറുസലേം പ്രദേശങ്ങളിലും വെസ്റ്റ്ബാങ്കിലെ സെറ്റിഷമെൻ്റുകൾക്ക് സമീപവും മിസൈൽ തൊടുത്തതിന് പിന്നാലെ സൈറൺ മുഴങ്ങിയെന്നായിരുന്നു ഐഡിഎഫിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. മിസൈൽ തകർത്തതായും ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകൾ ഇസ്രയേലി എയർഫോഴ്സ് തകർത്തതായും റിപ്പോർട്ടുണ്ടായിരുന്നു.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഖത്തര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഭീരുത്വ പൂര്‍ണമായ സമീപനമാണ് ഇസ്രയേല്‍ നടത്തിയതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേല്‍ നടത്തിയതെന്നും ഖത്തര്‍ പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യമാണ് ഖത്തര്‍.

Content Highlights: 35 killed Israel attack in Yemen

To advertise here,contact us