ദോഹ: ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം അപ്രതീക്ഷിതമായിരുന്നു. വെടിനിർത്തൽ ചർച്ചയിൽ പങ്കാളികളായ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഹമാസിൻ്റെ മുതിർന്ന നേതാവായ ഖലീൽ അൽ-ഹയ്യയെ ആണെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലുമായി കഴിഞ്ഞ രണ്ട് വർഷത്തോളമായി തുടരുന്ന പോരാട്ടത്തിൽ നിരവധി മുൻനിര നേതാക്കളെ ഹമാസിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ നിലവിൽ ഹമാസിൻ്റെ ഏറ്റവും പ്രധാന നേതാവും രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാനിയുമാണ് ഖലീൽ അൽ-ഹയ്യ.
ഹമാസിൻ്റെ പ്രധാന നേതാക്കളായിരുന്ന ഇസ്മായിൽ ഹനിയ, യഹിയ സിൻവാർ എന്നിവരെയെല്ലാം ഇസ്രയേൽ സൈന്യം കൃത്യമായ ആസൂത്രണത്തിലൂടെ വകവരുത്തിയിരുന്നു. മുഹമ്മദ് സിൻവാറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിനുശേഷം ഹമാസിനെ നയിക്കുന്ന അഞ്ചംഗ നേതൃത്വ കൗൺസിലിന്റെ ഭാഗമാണ് ഖലീൽ അൽ-ഹയ്യ. ഇറാനുമായി ഏറ്റവും അടുപ്പമുള്ള ഹമാസ് നേതാവായാണ് ഖലീൽ അൽ-ഹയ്യ അറിയപ്പെടുന്നത്. നേരത്തെയും ഇസ്രയേൽ ഹമാസ് സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ദൗത്യങ്ങളിൽ ഖലീൽ അൽ-ഹയ്യ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഇരുകൂട്ടരും തമ്മിൽ 2014ൽ ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് ഹമാസിൻ്റെ ഭാഗത്ത് നിന്നും ചുക്കാൻ പിടിച്ചതും ഖലീൽ അൽ-ഹയ്യ ആയിരുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ ഖത്തറിൻ്റെ നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിൻ്റെ നിലപാടുകൾ അവതരിപ്പിക്കുന്നതിൽ പ്രധാനിയായിരുന്നു ഖലീൽ അൽ-ഹയ്യ. ദേഹയിലെ ഗാസയുടെ അനൗദ്യോഗിക അംബാസഡറായിരുന്നു ഖലീൽ അൽ-ഹയ്യ എന്ന് വിശേഷിപ്പിച്ചാലും അതിശയോക്തിയാകില്ല.
ദോഹയിൽ സ്ഥിരതാമസക്കാരൻ കൂടിയായ ഖലീൽ അൽ-ഹയ്യ ഹമാസിൻ്റെ വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രമുഖനായിരുന്നു. ഹമാസിൻ്റെ വിദേശ ദൗത്യങ്ങളിൽ ഇടപെട്ടിരുന്ന ഖലീൽ അൽ-ഹയ്യയ്ക്ക് ഖത്തറിൽ അടക്കം ഹമാസുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യങ്ങളിലെല്ലാം സ്വീകാര്യതയുണ്ടായിരുന്നു. ലോകത്ത് വിവിധ അറബ്-ഇസ്ലാമിക് രാജ്യങ്ങൾക്കും ഹമാസിനും ഇടയിലുള്ള സുഗമമായ ബന്ധത്തിൻ്റെ പാലമായിരുന്നു ഖലീൽ അൽ-ഹയ്യ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 2024 ജൂലൈയിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയെ ഇറാനിൽ വധിക്കപ്പെടുമ്പോൾ അദ്ദേഹത്തിനൊപ്പം ടെഹ്റാൻ സന്ദർശിച്ച സംഘത്തിൽ ഖലീൽ അൽ-ഹയ്യ ഉണ്ടായിരുന്നു.
യഥാർത്ഥത്തിൽ ഇസ്രയേലിൽ കടന്ന് കയറി 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ചിരുന്ന നേതാവായിരുന്നു ഖലീൽ അൽ-ഹയ്യ. ഹയ്യയെ ലക്ഷ്യമിടാൻ ഇസ്രയേലിനെ പ്രേരിപ്പിച്ച ഘടകം ഇതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ജയിലിലടച്ച പലസ്തീനികളെ മോചിപ്പിക്കുന്നതിനായി ഏതാനും സൈനികരെ പിടികൂടുന്നതിനായി ഹമാസ് ആസൂത്രണം ചെയ്ത പരിമിതമായ ഓപ്പറേഷനായിരുന്നു 2023 ഒക്ടോബർ 7ന് നടന്നതെന്നായിരുന്നു ഖലീൽ അൽ-ഹയ്യ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ സയണിസ്റ്റ് സൈനിക യൂണിറ്റ് പൂർണ്ണമായും തകർന്നു എന്നും ഹയ്യ പറഞ്ഞതായി പലസ്തീൻ ഇൻഫർമേഷൻ സെന്റർ പ്രസിദ്ധീകരിച്ച അഭിപ്രായങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലസ്തീൻ വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ ആക്രമണം വിജയിച്ചുവെന്ന അഭിപ്രായക്കാരനായിരുന്നു ഖലീൽ അൽ-ഹയ്യ.
ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീനികൾക്കായി ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേലി ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചായിരുന്നു പ്രധാനമായും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണകൾ തീരുമാനമാകാതെ നീണ്ട് പോയത്. ഗാസ വെടിനിർത്തൽ കരാർ ഉറപ്പാക്കാൻ ഇസ്രായേലുമായി മധ്യസ്ഥ ചർച്ചകളിൽ ഹയ്യയാണ് ഹമാസിന്റെ പ്രതിനിധികളെ നയിച്ചത്. ഹമാസിനായി അന്താരാഷ്ട്ര തലത്തിൽ നിരവധി രാഷ്ട്രീയ ദൗത്യങ്ങൾ ഖലീൽ അൽ-ഹയ്യ നിർവ്വഹിച്ചിട്ടുണ്ട്. 2022ൽ മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ-അസദുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഡമാസ്കസിലേക്കുള്ള ഹമാസ് പ്രതിനിധി സംഘത്തെ നയിച്ചത് ഖലീൽ അൽ-ഹയ്യയായിരുന്നു.
1960 ൽ ഗാസയിൽ ജനിച്ച അൽ-ഹയ്യ 1987ൽ ഹമാസിന്റെ രൂപീകരണ കാലം മുതൽ സംഘടനയുടെ ഭാഗമാണ്. ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ വ്യക്തിപരമായി നിരവധി തിരിച്ചടികൾ നേരിട്ട നേതാവ് കൂടിയാണ് ഖലീൽ അൽ-ഹയ്യ. സ്വന്തം മകൻ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളെയാണ് ഖലീൽ അൽ-ഹയ്യയ്ക്ക് ഇസ്രയേൽ ആക്രമണങ്ങളിൽ നഷ്ടമായത്. 2007-ൽ ഗാസ സിറ്റിയിലെ സെജൈയെ ക്വാർട്ടറിലുള്ള ഖലീൽ അൽ-ഹയ്യയുടെ കുടുംബവീടിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ അദ്ദേഹത്തിൻ്റെ നിരവധി ബന്ധുക്കളാണ് കൊല്ലപ്പെട്ടത്. 2014ൽ നടന്ന ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഖലീൽ അൽ-ഹയ്യയുടെ മൂത്ത മകൻ ഒസാമയുടെ വീട് ബോംബാക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ ഓസാമയും ഭാര്യയും അവരുടെ മൂന്ന് കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടക്കുമ്പോൾ ഖലീൽ അൽ-ഹയ്യ അവിടെയുണ്ടായിരുന്നില്ല.
Content Highlights: Who is Khalil Al-Hayya, the top Hamas figure targeted by Israel