നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി രാജിവെച്ചു; പാർലമെന്റിൽ കടന്നുകയറി തീയിട്ട് പ്രക്ഷോഭകാരികൾ

ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയതിനു പിന്നാലെയാണ് രാജി

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെച്ചു. ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയതിനു പിന്നാലെയാണ് രാജി. നേപ്പാളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികൾ പാർലമെന്റിൽ കടന്നുകയറി തീയിട്ടു. ശർമ്മ ഒലി രാജ്യം വിടാനൊരുങ്ങുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ദുബായ്ലേക്ക് പോകാനാണ് ശ്രമമെന്നും ഇതിനായി എയർലൈൻസ് സജ്ജമായതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേൽ, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു. പ്രക്ഷോഭത്തിൽ ഇതുവരെ 19 പേരാണ് മരിച്ചത്. ഇതിൽ 12 വയസുള്ള കുട്ടിയുമുണ്ട്. 300 ലധികം പേർക്കാണ് പരിക്കേറ്റത്.

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. പിന്നാലെയാണ് യുവാക്കൾ തെരുവിലിറങ്ങിയതും പ്രക്ഷോഭം ഉടലെടുത്തതും. സ‍ർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാ‍രുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം.സംഘർഷത്തിനിടെ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

ഇതിനിടെ നേപ്പാളിൽ തങ്ങുന്ന ഇതര രാജ്യക്കാർക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തി. തിരികെ പോകേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് വിശദീകരണം. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ അറിയിച്ചു. നേപ്പാളിലെ പ്രതിഷേധം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാൻ അതിർത്തി രക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

Content Highlights: Nepal PM KP Oli resigns amid violent protests

To advertise here,contact us