കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൻ്റെ പേരിൽ നേപ്പാളിൽ ജെൻസി പ്രക്ഷോഭം ശക്തമാകവെ നിരോധനം പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. തിങ്കാളാഴ്ച ചേർന്ന നേപ്പാൾ മന്ത്രിസഭാ യോഗത്തിലായിരുന്നു ഒലി നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ ജനസംഖ്യാ മന്ത്രി പ്രദീപ് പൗഡൽ സാമൂഹികമാധ്യമങ്ങളുടെ നിയന്ത്രണം പിൻവലിക്കണമെന്ന നിർദ്ദേശം മന്ത്രിസഭാ യോഗത്തിൽ മുന്നോട്ടു വെച്ചു. എന്നാൽ നിരോധനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം ശരിയാണെന്നും അത് പുനഃപരിശോധിക്കില്ലെന്നും കെ പി ശർമ്മ ഒലി വ്യക്തമാക്കുകയായിരുന്നു എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു മന്ത്രിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ നേപ്പാളി കോൺഗ്രസ് നേതൃത്വം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഒലി വ്യക്തമാക്കിയിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പിൻവലിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ആഭ്യന്ത്രമന്ത്രി രാകേഷ് ലേഖക് മന്ത്രിസഭയില് രാജി പ്രഖ്യാപനം നടത്തിയതെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. നിരവധി പേരുടെ ജീവിതം നഷ്ടമായി. ഇതിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാൻ രാജിവെയ്ക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ തുറന്ന് കൊടുക്കാൻ പാർട്ടി ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അതിലേയ്ക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയാണ് രാകേഷ് ലേഖക് രാജി പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ട്.
സാമൂഹിക മാധ്യമങ്ങളുടെ നിരോധനം പിൻവലിക്കണമെന്നതിൽ ശക്തമായ നിലപാടാണ് മന്ത്രി പ്രദീപ് പൗഡൽ സ്വീകരിച്ചത്. എന്നാൽ വിഷയത്തിൽ ഒരു തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോഗത്തിന് സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ മന്ത്രിസഭയ്ക്ക് അഭിപ്രായ സമന്വയം ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ നേപ്പാൾ കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദ്യൂബ പ്രധാനമന്ത്രി ഒലിയെ കാണാൻ ബലുവതറിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മന്ത്രിസഭാ യോഗത്തിന് പിന്നാലെ നേപ്പാളിലെ ആഭ്യന്തര മന്ത്രി രാകേഷ് ലേഖക് രാജിവെച്ചിരുന്നു. നേപ്പാളിൽ ശക്തമാകുന്ന ജെൻസി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോർട്ട്. ഇതിനിടെ പ്രതിഷേധങ്ങൾ ശക്തിപ്പെട്ട സാഹചര്യത്തിൽ നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകൾക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ യുഎംഎൽ, നേപ്പാളി കോൺഗ്രസ് പാർട്ടികളുടെ ആസ്ഥാനങ്ങൾക്ക് ചുറ്റും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി അടുത്ത രണ്ട് ദിവസത്തേക്ക് നേപ്പാളിലെ നിരവധി നഗരങ്ങളിലെ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്നും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സെപ്റ്റംബർ 9,10, 11 തീയതികളിൽ രാജ്യവ്യാപകമായി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. യുവാക്കളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ കാഠ്മണ്ഡുവിലെ തന്ത്രപ്രധാന മേഖലകളിലേയ്ക്ക് കർഫ്യൂ വ്യാപിപ്പിച്ചിട്ടുണ്ട്.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾ സർക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമാണ് സർക്കാറിന്റെ ആവശ്യം. പ്രധാനമന്ത്രി കെ പി ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമാണ്. പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുന്ന നിലയിലാണുള്ളത്. അക്രമാസക്തരായ പ്രതിഷേധക്കാർ പാർലമെന്റ് ഗേറ്റ് തകർത്തു. പ്രതിഷേധക്കാർ പാർലമെൻ്റിൻ്റെ ഉള്ളിലേയ്ക്ക് ബലപ്രയോഗത്തിലൂടെ കടക്കാൻ ശ്രമിച്ചത് സ്ഥിതിഗതികൾ സ്ഫോടനാത്മകമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രിയുടെ വീടിന് സൈന്യം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് സർക്കാർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Content Highlights: Massive Nepal Protest PM KP Sharma Oli Refuses To Lift Ban On Social Media Apps