നേപ്പാളിലെ 'ജെൻസി' പ്രക്ഷോഭം ശക്തമാകുന്നു; ഏറ്റുമുട്ടലിലും വെടിവെയ്പ്പിലും 14 മരണം

സമൂഹമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് യുവാക്കളുടെ വ്യാപക പ്രതിക്ഷേധം നടക്കുന്നത്

നേപ്പാൾ: സമൂഹ മാധ്യമങ്ങൾ നിരോധിച്ച സർക്കാർ നടപടിക്കെതിരെ 'ജെൻസി കിഡ്സ്' തെരുവിൽ ഇറങ്ങിയതോടെ പ്രതിരോധത്തിലായി നേപ്പാൾ സർക്കാർ. യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 14 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രതിഷേധം നേപ്പാളിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാ​ഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങളാണ് സർ‌ക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. ‍സ‍ർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാ‍ർ ആരോപിക്കുന്നത്. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സര്‍ക്കാറിന്റെ ആവശ്യം. പ്രധാനമന്ത്രി കെ പി ശര്‍മ ഒലിക്കെതിരെയും വിദ്യാര്‍ഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമാണ്.

പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷേഭമായി മാറുന്ന നിലയിലാണുള്ളത്. അക്രമാസക്തരായ പ്രതിക്ഷധക്കാര്‍ പാര്‍ലമെന്റ് ഗേറ്റ് തകര്‍ത്തു. പ്രതിഷേധക്കാർ പാർലമെൻ്റിൻ്റെ ഉള്ളിലേയ്ക്ക് ബലപ്രയോഗത്തിലൂടെ കടക്കാൻ ശ്രമിച്ചത് സ്ഥിതിഗതികൾ സ്ഫോടനാത്മകമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വീടിന് സൈന്യം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ഇതിനിടെ ജെൻസി പ്രക്ഷോഭത്തെ നേരിടാൻ സ‍ക്കാർ പട്ടാളത്തെ രം​ഗത്ത് ഇറക്കിയിട്ടുണ്ട്. നേപ്പാളിലെ പ്രധാന ന​ഗരങ്ങളിലെല്ലാം സ‍ർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പലയിടുത്തും സൈന്യവും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെരുവുകളിൽ പ്രക്ഷോഭം വ്യാപിച്ചതോടെ നേപ്പാളിലെ സാധാരണ ജനജീവിതത്തെയും ഇത് ബാധിച്ചിട്ടുണ്ട്.

Content Highlights: 14 Killed In Massive Nepal Gen-Z Protest

To advertise here,contact us