ടെൽ അവീവ്: ഗാസയിൽ നിന്ന് ഇസ്രയേലിലേയ്ക്ക് രണ്ട് റോക്കറ്റുകൾ തൊടുത്തെന്ന് ഇസ്രയേൽ പ്രതിരോധ സേന. ഇതിൽ ഒരെണ്ണം തകർത്തെന്നും മറ്റൊന്ന് ആൾത്താമസമില്ലാത്ത ഇടത്താണ് പതിച്ചതെന്നും ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ആദ്യമായാണ് ഗാസയിൽ നിന്ന് ഇസ്രയേലിന് നേരെ റോക്കറ്റ് തൊടുക്കുന്നത്. റോക്കറ്റ് തൊടുത്തതിന് പിന്നാലെ തെക്കൻ ഇസ്രയേലിലെ നെറ്റിവോട്ടിലും പരിസരത്തുമുള്ള കമ്മ്യൂണിറ്റികളിൽ സൈറൺ മുഴങ്ങിയിരുന്നു. ആളപായം ഉണ്ടായതായോ നാശനഷ്ടങ്ങൾ സംഭവിച്ചതായോ വിവരമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ഇതിനിടെ ഇസ്രയേലിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പലസ്തീൻ ഇസ്ലാമിക് ജിഹാദ് രംഗത്ത് വന്നിട്ടുണ്ട്. ടെലഗ്രാം വഴി പുറത്തിറക്കിയ പ്രസ്താവനയിലാണ് തെക്കൻ ഇസ്രയേലിലെ നെറ്റിവോട്ടിലേയ്ക്ക് റോക്കറ്റ് തൊടുത്തുവെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ഗാസ സിറ്റി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈന്യം ഗാസയിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ്റെ ഭാഗമായി ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിലെ ഒരു ബഹുനില കെട്ടിടം തകർത്തിരുന്നു. "ഞങ്ങൾ തുടരുന്നു" എന്ന അടിക്കുറിപ്പോടെ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് എക്സിൽ കെട്ടിടം തകരുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഗാസയിലെ മറ്റൊരു ടവറും ഇസ്രയേൽ സൈന്യം തകർത്തിരുന്നു. ഹമാസ് ഈ ടവറുകൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിൻ്റെ ആരോപണം. എന്നാൽ ഹമാസ് ഇത് നിഷേധിച്ചിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശനിയാഴ്ച പതിനായിരങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നെതന്യാഹുവിൻ്റെ വസതിയ്ക്ക് സമീപമാണ് പതിനായിരക്കണക്കിന് ജനങ്ങൾ പ്രതിഷേധവുമായി അണിനിരന്നത്. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലി ജറുസലേമിൽ നടന്നത്. ഗാസയിൽ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളാണ് ജറുസലേമിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. അധികാരത്തിൽ തുടരാൻ ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയർപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലായിരുന്നു ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഏതാണ്ട് അൻപതോളം ബന്ദികൾ ഇപ്പോഴും ഗാസയിൽ ഹമാസിൻ്റെ തടവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജറുസലേമിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള കോർഡ്സ് പാലത്തിൽ നിന്ന് അസ സ്ട്രീറ്റിലെ നെതന്യാഹുവിന്റെ വസതിയിലേക്കായിരുന്നു പ്രതിഷേധക്കാർ റാലിയുമായി നീങ്ങിയത്. 'മരണത്തിന്റെ നിഴലുള്ള സർക്കാർ' എന്നെഴുതിയ ഒരു ബാനർ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാർ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്. 'അവർ ഇപ്പോഴും ഗാസയിൽ എന്തിനാണ്?' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപത്തേയ്ക്ക് എത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ശക്തമായ പ്രതിരോധം തീർത്തിരുന്നു. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് റോഡ് അടച്ചിട്ട് മുൻകരുതൽ സ്വീകരിച്ചിരുന്നു. ഇതിന് പുറമെ പ്രതിഷേധം നടന്ന സ്ഥലത്തേയ്ക്ക് ജലപീരങ്കിയും എത്തിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നില്ല എന്നാണ് ഇസ്രയേൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Two rockets fired from Gaza at southern Israel Islamic Jihad claims responsibility