രാജ്യം നാശത്തിലേക്ക് നീങ്ങും, നിരവധി നിക്ഷേപങ്ങൾ റദ്ദാക്കപ്പെടും; യുഎസ് അപ്പീൽ കോടതിയുടെ താരിഫ് വിധിയിൽ ട്രംപ്

താരിഫ് ഇല്ലെങ്കില്‍ അമേരിക്കയുടെ സൈനിക ശക്തി തല്‍ക്ഷണം തുടച്ചുനീക്കപ്പെടുമെന്നും ട്രംപ്

വാഷിംഗ്ടണ്‍: തീരുവയുമായി ബന്ധപ്പെട്ട യുഎസ് അപ്പീല്‍ കോടതിയുടെ വിധിക്കെതിരെ ആഞ്ഞടിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നികുതികള്‍ റദ്ദാക്കിയാല്‍ അമേരിക്ക തകരുമെന്ന് ട്രംപ് പറഞ്ഞു. താരിഫുകളും നികുതികളും ഇല്ലെങ്കില്‍ രാജ്യം നാശത്തിലേക്ക് നീങ്ങും. നിരവധി നിക്ഷേപങ്ങള്‍ റദ്ദാക്കപ്പെടുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

താരിഫ് ഇല്ലെങ്കില്‍ അമേരിക്കയുടെ സൈനിക ശക്തി തല്‍ക്ഷണം തുടച്ചുനീക്കപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്ക മൂന്നാം ലോകരാഷ്ട്രമായി മാറും. സമയം അത്യന്താപേക്ഷിതമാണെന്നും ട്രംപ് പറഞ്ഞു. വിധി പ്രഖ്യാപിച്ച പാനലിലെ ഭൂരിപക്ഷം വരുന്ന ജഡ്ജിമാരും തീവ്ര ഇടതുപക്ഷമാണെന്നും ട്രംപ് ആരോപിച്ചു. അതേസമയം വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ, പാനലിലെ ജഡ്ജിയെ ട്രംപ് അഭിനന്ദിച്ചു. ജഡ്ജിയുടെ ധൈര്യത്തിന് നന്ദി പറഞ്ഞ ട്രംപ് അദ്ദേഹം അമേരിക്കയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി പറഞ്ഞു.

വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ക്കെതിരെ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റര്‍ നവാരോയും രംഗത്തെത്തിയിരുന്നു. 'കറുത്ത വസ്ത്രം ധരിച്ച രാഷ്ട്രീയക്കാര്‍' എന്നായിരുന്നു ജഡ്ജിമാരെ പീറ്റര്‍ നവാരോ വിശേഷിച്ചിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂല വിധി സമ്പാദിക്കാന്‍ സാധിക്കും. അതിനുള്ള വ്യക്തമായ രൂപരേഖയാണ് ജഡ്ജിമാരുടെ വിയോജനക്കുറിപ്പുകള്‍. കേസില്‍ വിജയിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ട്. സുപ്രീംകോടതിയില്‍ മറിച്ചാണ് വിധിയെങ്കില്‍ ട്രംപ് പറഞ്ഞതുപോലെ അത് അമേരിക്കയുടെ അവസാനമായിരിക്കുമെന്നും നവാരോ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ട്രംപിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടുള്ള യുഎസ് അപ്പീല്‍ കോടതിയുടെ വിധി. ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമാണെന്നായിരുന്നു അപ്പീല്‍ കോടതിയുടെ വിലയിരുത്തല്‍. താരിഫ് ചുമത്താന്‍ ട്രംപിന് നിയമപരമായി അധികാരമില്ലെന്നും കോടതി പറഞ്ഞിരുന്നു.

ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിയിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല.

Content Highlights- US president donald trump slam us appeal court verdict on tariff

To advertise here,contact us