കമല ഹാരിസിൻ്റെ സീക്രട്ട് സർവീസ് സുരക്ഷാ സംരക്ഷണം ട്രംപ് ഭരണകൂടം പിൻവലിച്ചു

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് എഴുതിയ പുസ്തത്തിൻ്റെ പ്രചരാണാർത്ഥം കമല ഹാരിസ് പര്യടനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്

വാഷിംഗ്ടൺ: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സീക്രട്ട് സർവീസ് സുരക്ഷാ സംരക്ഷണം ട്രംപ് ഭരണകൂടം പിൻവലിച്ചു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചത്. കമല ഹാരിസിന് ബൈഡൻ ഭരണകൂടം സുരക്ഷാ സംരക്ഷണം നീട്ടി നൽകിയ നടപടിയും പിൻവലിച്ചിട്ടുണ്ട്. മുൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ആറ് മാസം വരെയുള്ള പതിവ് സംരക്ഷണ കാലാവധി ജൂലൈ 21 ന് അവസാനിച്ചതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. 'അമേരിക്കൻ സീക്രട്ട് സർവീസിന്റെ പ്രൊഫഷണലിസം സമർപ്പണം, സുരക്ഷയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയ്ക്ക് കമല ഹാരിസ് നന്ദിയുള്ളവളാണെന്ന്' അവരുടെ മുതിർന്ന സഹായിയെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് എഴുതിയ പുസ്തകത്തിൻ്റെ പ്രചരാണാർത്ഥം കമല ഹാരിസ് പര്യടനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ യാത്രയിൽ അവർ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

"107 ദിവസങ്ങൾ" എന്ന് പേരിലാണ് ട്രംപിനെതിരെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച തെരഞ്ഞെടുപ്പ് കാലത്തെക്കുറിച്ചുള്ള പുസ്തകത്തിന് കമല ഹാരിസ് പേരിട്ടിരിക്കുന്നത്. സൈമൺ & ഷുസ്റ്റർ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പ് സെപ്റ്റംബർ 23ന് അമേരിക്കയിൽ പുറത്തിറങ്ങും. ഡോണൾഡ് ട്രംപിനെതിരെയുള്ള പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം ബൈഡൻ പിന്മാറിയ സാഹചര്യത്തിലായിരുന്നു വൈസ് പ്രസിഡൻ്റായിരുന്ന കമല ഹാരിസിനെ ഡൊമേക്രാറ്റിക് സ്ഥാനാർത്ഥിയായി നിയോ​ഗിച്ചത്.

ജനുവരിയിൽ അധികാരമേറ്റതിനുശേഷം ട്രംപ് തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെയും മുൻ ഉദ്യോഗസ്ഥരുടെയും സുരക്ഷാ അനുമതികൾ അദ്ദേഹം പിൻവലിച്ചിരുന്നു. അതിന് പുറമെ തനിക്കെതിരായ മുൻ കേസുകളുടെ ഭാ​ഗമായ നീതിന്യായ കോടതികളെ ലക്ഷ്യം വെയ്ക്കുകയും ചെയ്തിരുന്നു. സർവകലാശാലകളിൽ നിന്ന് ഫെഡറൽ ഫണ്ടിംഗ് പിൻവലിക്കുന്ന നടപടികളും ട്രംപ് സ്വീകരിച്ചിരുന്നു. ട്രംപിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളായ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ വീട്ടിലും ഓഫീസിലും എഫ്ബിഐ ഏജന്റുമാർ റെയ്ഡ് നടത്തിയിരുന്നു.

Content Highlights: Donald Trump cancels Kamala Harris's Secret Service protection

To advertise here,contact us