സമാധാന നീക്കങ്ങൾക്കിടെ യുക്രെയ്നിൽ കനത്ത ആക്രമണം നടത്തി റഷ്യ; 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചു

യുക്രെയ്ൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന റിപ്പോർട്ട്

കീവ്: അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുരോ​ഗമിക്കവെ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഈ വർഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്ന് യുക്രേനിയൻ എയർ ഫോഴ്സ് അറിയിച്ചു. 574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു റഷ്യൻ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ എയർ ഫോഴ്സ് അറിയിച്ചു.

യുക്രെയ്ൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ്റെ പാശ്ചാത്യ സഖ്യകക്ഷികൾ നൽകുന്ന സൈനിക സഹായങ്ങൾ കൈമാറുന്നതും സൂക്ഷിക്കുന്നതും ഈ മേഖലയിലാണെന്നാണ് കരുതപ്പെടുന്നത്. ഉപയോ​ഗിച്ച ഡ്രോണുകളുടെ എണ്ണം പരി​ഗണിക്കുമ്പോൾ റഷ്യയുടെ ഈ വർഷത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉപയോ​ഗിച്ചിരിക്കുന്ന മിസൈലുകളുടെ എണ്ണം പരി​ഗണിക്കുമ്പോൾ ഈ വർഷത്തെ എട്ടാമത്തെ ഏറ്റവും കടുത്ത ആക്രമണമാണിതെന്നുമാണ് ഔദ്യോ​ഗിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും ആളുകൾ അധിവസിക്കുന്ന പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണങ്ങൾ നടന്നത്. റഷ്യയിൽ നിന്ന് തൊടുത്ത മിസൈലുകൾ യുക്രെയ്ൻ്റെ പടിഞ്ഞാറൻ പ്രദേശത്ത് ഹം​ഗറിയുടെ അതിർത്തിവരെ എത്തിയെന്നാണ് റിപ്പോർട്ട്.

സെലൻസ്കിയും ട്രംപും തമ്മിൽ വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഏതാണ്ട് ആയിരത്തിനടുത്ത് ദീർഘദൂര ഡ്രോണുകൾ റഷ്യ യുക്രെയ്നെ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. യുക്രെയ്ൻ്റെ വെടിനിർത്തൽ നിർദ്ദേശവും പുടിനുമായി നേരിട്ട് സംസാരിക്കാമെന്ന സെലൻസ്കിയുടെ നിർദ്ദേശവും അടക്കം നടന്ന് വരുന്ന സമാധാന ചർച്ചകളെ തുരങ്കം വെയ്ക്കുന്നതാണ് പുടിൻ്റെ നീക്കമെന്ന് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും കുറ്റപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ആക്രമണത്തിനെതിരെ യുക്രേനിയൻ പ്രസിഡൻ്റ് സെലൻസ്കിയും രം​ഗത്തെത്തിയിട്ടുണ്ട്. ഒന്നിനും മാറ്റമില്ലെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അർത്ഥ പൂർണ്ണമായ ചർച്ചകൾക്കുള്ള ലക്ഷണങ്ങളൊന്നും റഷ്യ പ്രകടിപ്പിക്കുന്നില്ലെന്നും സെലൻസ്കി കുറ്റപ്പെടുത്തി. റഷ്യയുടെ മേൽ യുദ്ധം അവസാനിപ്പിക്കുന്നത് കൂടുതൽ സമ്മർ​ദ്ദം ചെലുത്താൻ ഇടപെടണമെന്ന് സെലൻസ്കി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. റഷ്യയ്ക്ക് മേൽ കടുത്ത നികുതികളും ഉപരോധങ്ങളും ഏർപ്പെടുത്തണമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.യുക്രെയ്ൻ്റെ സൈനിക-വ്യാവസായിക സമുച്ചയത്തിലെ സ്ഥാപനങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് റഷ്യൻ സൈന്യം വ്യക്തമാക്കുന്നത്. ഡ്രോൺ ഫാക്ടറികളും, സംഭരണ കേന്ദ്രങ്ങളും, മിസൈൽ ലോഞ്ച് പാഡുകളും, യുക്രെയ്ൻ സൈന്യം ഒത്തുചേരുന്ന പ്രദേശങ്ങളും മാത്രമാണ് ആക്രമിച്ചതെന്നും റഷ്യൻ സൈന്യം വ്യക്തമാക്കി. യുക്രെയ്നിലെ ജനവാസ മേഖലകളിൽ ആക്രമണം നടത്തിട്ടില്ലെന്ന വാദം റഷ്യ ആവർത്തിച്ചിട്ടുണ്ട്. ഇതിനിടെ റഷ്യയ്ക്ക് നേരെ തദ്ദേശീയമായ ലോങ്ങ് റേഞ്ച് ഡ്രോണുകൾ ഉപയോ​ഗിച്ച് യുക്രെയ്നും ആക്രമണം നടത്തി. റഷ്യൻ യുദ്ധത്തിന് സഹായം നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയായിരുന്നു യുക്രെയ്ൻ ആക്രമണം. ഇതിന് പുറമെ റഷ്യയുടെ എണ്ണശുദ്ധീകരണ ശാലകളെയും യുക്രെയ്ൻ ഡ്രോണുകൾ ലക്ഷ്യം വെച്ചു.

ട്രംപിനൊപ്പം പുടിനുമായി ത്രികക്ഷി ചർച്ചകൾ നടത്താമെന്ന് സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്കുള്ള വേദിയെക്കുറിച്ച് ആലോചിക്കുകയാണെന്നും സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, തുർക്കി എന്നിവ പരി​ഗണനയിലുണ്ടെന്നും സെലൻസ്കി വ്യക്തമാക്കിയിരുന്നു. പുടിനും സെലൻസ്കിയും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചന ട്രംപും നൽകിയിരുന്നു. സെലൻസ്കിയുമായുള്ള മീറ്റിംഗുകൾ അവസാനിച്ചപ്പോൾ താൻ പ്രസിഡന്റ് പുടിനെ വിളിച്ചിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. പ്രസിഡന്റ് പുടിനും പ്രസിഡന്റ് സെലൻസ്‌കിയും തമ്മിൽ ഒരു മീറ്റിംഗിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ആ മീറ്റിംഗ് നടന്നതിനുശേഷം രണ്ട് പ്രസിഡന്റുമാരും താനും ഉൾപ്പെടുന്ന ഒരു ട്രൈലാറ്റ് നമുക്ക് ഉണ്ടാകും എന്നായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. റഷ്യയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകളെക്കുറിച്ച് താൻ ചർച്ച ചെയ്തതായും ട്രംപ് വ്യക്തമാക്കിയിരുന്നു.

നേരത്തെ യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ സമാധാന കരാ‍ർ സംബന്ധിച്ച് തീരുമാനമായിരുന്നില്ല. ഇതിന് പിന്നാലെ അമേരിക്ക-റഷ്യ-യുക്രെയ്ൻ ത്രികക്ഷി ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിടിച്ചെടുത്ത പ്രവിശ്യകൾ വിട്ടുകൊടുക്കുന്നതിൽ ഉൾപ്പെടെ തീരുമാനം ത്രികക്ഷി ചർച്ചയിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: Russia Hammers Ukraine As Peace Talks Drag

To advertise here,contact us