ഗാസ: വെടിനിര്ത്തലിന് തയ്യാറാണെന്ന ഹമാസ് നിലപാട് തള്ളി ഇസ്രയേല്. വെടിനിര്ത്തലുമായി ബന്ധപ്പെട്ട ഹമാസിന്റെ നിര്ദേശം ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു തള്ളുന്നതായി ഇസ്രയേല് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ടൈംസ് ഓഫ് ഇസ്രയേല് റിപ്പോര്ട്ട് ചെയ്യുന്നു. ഗാസ സിറ്റി പിടിച്ചെടുക്കുന്ന നടപടിയുമായി മുന്നോട്ട് പോകാനാണ് നെതന്യാഹുവിന്റെ തീരുമാനമെന്നും റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. ഹമാസ് സമ്മര്ദത്തിലാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടെന്നാണ് റിപ്പോർട്ട്.
'എല്ലാ ബന്ദികളെയും മോചിപ്പിക്കുക, യുദ്ധം അവസാനിപ്പിക്കുന്നതിന് നിര്വചിച്ചിരിക്കുന്ന മറ്റ് ഉപാധികള് പാലിക്കുക തുടങ്ങിയ ഇസ്രയേലിന്റെ തീരുമാനത്തില് മാറ്റമില്ല', ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല് റിപ്പോര്ട്ട് ചെയ്യുന്നു. അതേസമയം മറ്റ് ഹീബ്രു മാധ്യമങ്ങള് നെതന്യാഹു ഈ കരാര് പഠിക്കുകയാണെന്നാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഹമാസ് നിലപാട് തള്ളുന്നത് സംബന്ധിച്ച് ഇസ്രയേല് ഔദ്യോഗിക കുറിപ്പുകളൊന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
അതേസമയം വെടിനിര്ത്തല് കരാര് സംബന്ധിച്ച വാര്ത്തകള് പുറത്ത് വരുന്നതിനിടയിലും ഇസ്രയേല് ഗാസയ്ക്കെതിരായ ആക്രമണം കടുപ്പിക്കുകയാണ്. 24 മണിക്കൂറിനുള്ളില് 60 പേരാണ് ഗാസയില് കൊല്ലപ്പെട്ടത്. 343 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് പുതിയ വെടിനിര്ത്തല് കരാര് ഹമാസ് അംഗീകരിച്ചെന്ന വാര്ത്ത പുറത്ത് വരുന്നത്. ഈജിപ്തും ഖത്തറും മുന്നോട്ട് വെച്ച വെടിനിര്ത്തല് കരാറാണ് ഹമാസ് അംഗീകരിച്ചത്. ഗാസയില് വെടിനിര്ത്തല് വേണമെന്ന് ആവശ്യപ്പെട്ട് ഖത്തര് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന് അബ്ദുല്റഹ്മാന് ബിന് ജാസ്സിം അല് താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദല് ഫത്താഹ് എല്-സിസിയും കയ്റോയില് വെച്ച് നടത്തിയ ചര്ച്ചയ്ക്ക് ശേഷമാണ് ഹമാസ് വെടിനിര്ത്തലിന് അംഗീകാരം നല്കിയത്.
60 ദിവസത്തെ വെടിനിര്ത്തല് നിര്ദേശമാണ് ഹമാസ് അംഗീകരിച്ചത്. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. ഈ സമയത്ത് സ്ഥിരമായ വെടിനിര്ത്തലിനെക്കുറിച്ചും ഇസ്രയേല് സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ചും ചര്ച്ചകള് നടക്കും. എന്നാല് വിഷയത്തില് ഇതുവരെ ഇസ്രയേല് ഉദ്യോഗസ്ഥര് പ്രതികരിച്ചിട്ടില്ല.
Content Highlights: Reports says Israel did not agree Gaza ceasefire