കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണം 23 ആയി, ചികിത്സ തേടിയത് 160 പേർ

കണ്ണൂർ സ്വദേശിയായ 31 കാരനും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം 23 ആയി. 160 പേർ ചികിത്സ തേടിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരെല്ലാം ഏഷ്യക്കാരാണെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂർ സ്വദേശി ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്.

വൃക്ക തകരാറിലായവരും കാഴ്ച നഷ്ടപ്പെട്ടവരുമടക്കം നിരവധി പേരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. മികച്ച വൈദ്യപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം സജീവ പ്രവർത്തനം നടത്തുന്നുണ്ട്. 21 പേർക്ക് സ്ഥിരമായി കാഴ്ച ശക്തി നഷ്ടപ്പെട്ടു. 31 പേർ വെന്റിലേറ്ററിൽ തുടരുന്നതായാണ് വിവരം. 51 പേർ അടിയന്തര ഡയാലിസിസ് പൂർത്തിയാക്കി.

അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യനിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യത്തിൽ മെഥനോൾ കലർന്നതാണ് അപകട കാരണം എന്നാണ് കണ്ടെത്തൽ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. മലയാളികൾ ഏറെയുളള പ്രദേശം കൂടിയാണ് ഇവിടം.

Content Highlights : Kuwait liquor tragedy; Death toll rises to 23

To advertise here,contact us