യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിച്ചാൽ ട്രംപിനെ നൊബേലിന് ശുപാർശ ചെയ്യും, പക്ഷെ ഒറ്റ കണ്ടീഷൻ: ഹിലരി ക്ലിൻ്റൺ

'Raging Moderates' എന്ന പോഡ്‌കാസ്റ്റിനിടെയായിരുന്നു ഹിലരി ക്ലിന്റൺ ഈ പരാമർശം നടത്തിയത്

വാഷിംഗ്ടൺ: റഷ്യയ്ക്ക് ഭൂപ്രദേശങ്ങൾ വിട്ടുനൽകാതെ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപ് വിജയിച്ചാൽ അദ്ദേഹത്തിനെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാമെന്ന് ഹിലരി ക്ലിൻ്റൺ. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ എതിരാളിയായിരുന്ന ഹിലരിയുടെ പ്രതികരണം ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'Raging Moderates' എന്ന പോഡ്‌കാസ്റ്റിനിടെയായിരുന്നു ഹിലരി ക്ലിന്റൺ ഈ പരാമർശം നടത്തിയത്. 'യുക്രെയ്ന് അവരുടെ പ്രദേശം അക്രമകാരികൾക്ക് വിട്ടു കൊടുക്കേണ്ടിവരാത്ത നിലയിൽ, ഈ ഭയാനകമായ യുദ്ധം സത്യസന്ധമായി അവസാനിപ്പിക്കുന്നതിനായി, പുടിനെ ശരിക്കും എതിർക്കാൻ അദ്ദേഹത്തിന് (ട്രംപിന്) കഴിയുമെങ്കിൽ, പ്രസിഡന്റ് ട്രംപ് അതിന്റെ ശിൽപ്പിയാണെങ്കിൽ, സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഞാൻ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യും' എന്നായിരുന്നു അഭിമുഖം നടത്തിയ ജെസീക്ക ടാർലോവിനോട് ഹിലരി ക്ലിൻ്റൺ പ്രതികരിച്ചത്. പുടിന് കീഴടങ്ങാൻ അനുവദിക്കാതിരിക്കുക എന്നതാണ് തൻ്റെ ലക്ഷ്യമെന്നും ഹിലരി കൂട്ടിച്ചേർത്തു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിനും ട്രംപും അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഹിലരിയുടെ പ്രസ്താവന ശ്രദ്ധേയമാണ്. യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിൻ ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു.

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻ്റണെ പരാജയപ്പെടുത്തിയാണ് ട്രംപ് അധികാരത്തിൽ എത്തിയത്. നേരത്തെ പുടിനെ പ്രശംസിച്ച ട്രംപിനെ ഹിലരി ക്ലിൻ്റൺ വിമർശിച്ചിരുന്നു. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന് മുമ്പായിരുന്നു ഈ പ്രതികരണം.

Content Highlights: Hillary Clinton says she'd nominate Donald Trump for Nobel Peace Prize on one condition

To advertise here,contact us