ന്യൂഡൽഹി: പാകിസ്താൻ സൈനിക മേധാവി അസം മുനീറിൻ്റെ ഉപമയെ ട്രോളി സോഷ്യൽ മീഡിയ. സ്വയംപരിഹാസ്യമായ ഉപമയാണ് അസം മുനീർ നടത്തിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇന്ത്യയെ ഒരു ആഡംബര മെഴ്സിഡസിനോടും പാകിസ്താനെ ചരൽ നിറച്ച ഡംപ് ട്രക്കിനോടും ഉപമിച്ചാണ് അസം മുനീർ സോഷ്യൽ മീഡിയയിൽ ട്രോളിന് പാത്രമായിരിക്കുന്നത്.
അമേരിക്കൻ സന്ദർശനത്തിനിടെ ഫ്ലോറിഡയിലെ ടാമ്പയിൽ നടന്ന ഒരു പാകിസ്താൻ കമ്മ്യൂണിറ്റി പരിപാടിയിലായിരുന്നു മുനീറിൻ്റെ പ്രതികരണം. 'ഹൈവേയിലൂടെ വരുന്ന ഫെരാരിയെപ്പോലെ ഇന്ത്യ തിളങ്ങുന്ന ഒരു മെഴ്സിഡസാണ്. പക്ഷേ നമ്മൾ ചരൽ നിറഞ്ഞ ഒരു ഡംപ് ട്രക്കാണ്. ട്രക്ക് കാറിൽ ഇടിച്ചാൽ ആരാണ് നഷ്ടം?' എന്നായിരുന്നു മുനീറിൻ്റെ പ്രതികരണം. പാകിസ്താൻ്റെ ഉപയോഗിക്കാത്ത എണ്ണ, ധാതു വിഭവങ്ങളെക്കുറിച്ച് വീമ്പിളക്കുന്നതിനിടയിലായിരുന്നു മുനീറിൻ്റെ പരാമർശം. പാകിസ്താൻ ആണവരാഷ്ട്രമാണ്. പാകിസ്താൻ തകർന്നാൽ ലോകത്തിന്റെ പകുതി ഭാഗത്തേയും ഞങ്ങൾ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനിൽപിനെ ബാധിക്കുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ലെന്ന് പരിപാടിക്കിടെ അസം മുനീർ പറഞ്ഞെങ്കിലും ഇന്ത്യയെ മെഴ്സിഡസിനോടും പാകിസ്താനെ ഡംപ് ട്രക്കിനോടും ഉപമിച്ച പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഇന്ത്യയുടെ ശ്രേഷ്ഠത അബദ്ധവശാൽ മുനീർ സമ്മതിച്ചതായാണ് എക്സ് ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഒരു രാജ്യത്തിന്റെ ഉന്നത സൈനിക നേതാവ് എന്തിനാണ് ഇത്തരമൊരു സ്വയം നിന്ദിക്കുന്ന പരാമർശം നടത്തുന്നതെന്നാണ് ഇന്റർനെറ്റിലെ ഒരു വിഭാഗം ചോദിക്കുന്നത്. എന്നാൽ മറ്റൊരു കൂട്ടർ അസം മുനീറിൻ്റെ താരതമ്യത്തിൽ നർമ്മം കണ്ടെത്തിയിരിക്കുകയാണ്.
'മുനീറിന്റെ പ്രസ്താവനയിലെ ഒരേയൊരു സത്യം ഇന്ത്യ മെഴ്സിഡസ് ആണെന്നും അദ്ദേഹത്തിന്റെ രാജ്യം ഡംപ് ട്രക്ക് ആണെന്നുമാണ്. ബാക്കിയുള്ളതെല്ലാം മിഥ്യ'യാണെന്നായിരുന്നു ഒരു ഉപയോക്താവിൻ്റെ പരിഹാസം. 'ഇപ്പോൾ ആരെങ്കിലും സത്യം പറഞ്ഞാൽ ആളുകൾ ഇപ്പോഴും അത് കേട്ട് ചിരിക്കും' എന്നായിരുന്നു മറ്റൊരു ഉപയോക്താവിൻ്റെ അഭിപ്രായം. 'അവർ അവരുടെ യാഥാർത്ഥ്യമെങ്കിലും മനസ്സിലാക്കണം. ഫെയ്ൽഡ് മാർഷൽ അവർ ഒരു ദുരന്തമാണെന്ന് സമ്മതിച്ചു' എന്നായിരുന്നു ഒരു ഉപയോക്താവിൻ്റെ പ്രതികരണം. 'അദ്ദേഹത്തിൻ്റെ പരാജയപ്പെട്ട രാജ്യത്തെ ഒരു ഡംപ് ട്രക്കിനോട് ഉപമിച്ചത് സന്തോഷകരമാണ്- മാലിന്യം നിറച്ച ഒരു മാലിന്യ ഡംപ് ട്രക്ക്' എന്നായിരുന്നു മറ്റൊരാൾ പ്രതികരിച്ചത്. മെഴ്സിഡസും ഡംപ് ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാൽ എന്തുസംഭവിക്കുമെന്ന് എ ഐ ചിത്രം പങ്കുവെച്ച് ഒരു ഉപയോക്താവ് പ്രവചിച്ചു.
നേരത്തെ ഈ ചടങ്ങിൽ സംസാരിക്കവെ അസം മുനീർ ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയിരുന്നു. സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിയാൻ കാത്തിരിക്കയാണ് ഞങ്ങൾ. എന്നിട്ടുവേണം അത് പത്ത് മിസൈലുകൾ കൊണ്ട് തകർക്കാനെന്ന് അസിം മുനീർ പറഞ്ഞിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താൻ ആണവരാഷ്ട്രമാണ്. പാകിസ്താൻ തകർന്നാൽ ലോകത്തിന്റെ പകുതി ഭാഗത്തേയും ഞങ്ങൾ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനിൽപിനെ ബാധിക്കുകയാണെങ്കിൽ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പഹൽഗാം ആക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം രണ്ടാം തവണയാണ് അസിം മുനീർ അമേരിക്കയിലെത്തുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രണ്ട് സന്ദർശനവും. ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിന് അസിം മുനീറിന്റെ ഇടപെടൽ സഹായിച്ചെന്ന പുകഴ്ത്തലുമായി അന്ന് ട്രംപ് രംഗത്തുവന്നിരുന്നു.
Content Highlights: Asim Munir compares India to Mercedes, Pakistan to dump truck Self-goal says Internet