വാഷിംഗ്ടൺ: ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ദൃഢമാകുന്നതിനിടെ നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് 15ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. അലാസ്കയിൽ വെച്ചാകും കൂടിക്കാഴ്ച.
റഷ്യ-യുക്രെയ്ൻ യുദ്ധമായിരിക്കും ട്രംപ്-പുടിൻ കൂടിക്കാഴ്ചയിലെ ചർച്ചാവിഷയം എന്നാണ് സൂചന. യുക്രെയ്നിന്റെ പക്കൽ നിന്ന് ചില പ്രവിശ്യകൾ കൂടി ലഭിച്ചാൽ നിലവിലെ പ്രത്യേക സൈനിക നടപടി അവസാനിപ്പിക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ഡോണെട്സ്ക്, ലുഹാൻസ്ക്, ഖെർസോൺ, സപോറീഷ്യ എന്നീ മേഖലകൾ തങ്ങളോട് കൂട്ടിച്ചേർക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്. യുക്രെയ്നും നാറ്റോ രാജ്യങ്ങളും ഈ നീക്കത്തിനെതിരാണ്. കൂടാതെ യുക്രെയ്ന് പടിഞ്ഞാറൻ രാജ്യങ്ങളുടെ സഹായം ലഭ്യമാകുന്നത് നിർത്തലാക്കണമെന്നും നാറ്റോയിൽ ചേരാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നുണ്ട്.
യുഎസ് വിവിധ രാജ്യങ്ങൾക്ക് മേൽ ചുമത്തിയ താരിഫുകൾ ചർച്ചയായേക്കുമോ എന്നതിൽ വ്യക്തതയില്ല. എന്നാൽ പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ കൂടിക്കാഴ്ച പ്രഖ്യാപനമെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പുടിൻ ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ട്. 'എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ വിശദമായ സംഭാഷണം നടത്തി', എന്നായിരുന്നു പുടിനുമായി സംസാരിച്ചതിന് ശേഷം മോദി കുറിച്ചത്. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലുളളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി. ഈ വർഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് സ്വീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പുടിനുമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അജിത് ഡോവൽ അറിയിച്ചിരുന്നു. അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയായിരുന്നു ഡോവൽ റഷ്യയിലെത്തിയത്.
Content Highlights: Trump putin to meet at august 15th