വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവെച്ച് അമേരിക്ക. താരിഫുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉണ്ടാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഉണ്ടാകില്ലെന്ന് ട്രംപ് മറുപടി പറഞ്ഞതായാണ് അന്തർദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യയുമായി വ്യാപാരം ചെയ്യുന്ന രാജ്യങ്ങൾക്ക് രണ്ടാമത്തെ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന നേരത്തെയുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ ട്രംപ് നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് നേരത്തെ ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതിയ്ക്ക് പുറമെ 25 ശതമാനം നികുതി കൂടി ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തവിൽ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്. റഷ്യയുമായി വ്യാപാരം നടത്തുന്നത് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയ്ക്കെതിരെ ട്രംപ് ഭരണകൂടം വീണ്ടും നികുതി ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ ഇന്ത്യയ്ക്ക് മേൽ പുതിയതായി ചുമത്തിയ അധിക നികുതി പ്രാബല്യത്തിൽ വരും.
മാന്യമല്ലാത്ത, നീതികരിക്കാനാവാത്ത, കാരണമില്ലാത്ത നീക്കം എന്നായിരുന്നു പുതിയതായി അധിക നികുതി ചുമത്തിയതിനെതിരെ ഇന്ത്യയുടെ പ്രതികരണം. രാജ്യ താൽപര്യം സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും പരിഗണിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സർക്കാർ നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് പുതിയതായി അധിക തീരുവ ചുമത്തി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചു. ഏഷ്യയിലെ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തീരുവ ഇന്ത്യയ്ക്കാണ് ചുമത്തിയത്. പാകിസ്താന് 19 ശതമാനം തീരുവയാണ് ചുമത്തിയത്.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ 24 മണിക്കൂറിനുളളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുളള ഇറക്കുമതി തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപ് നിലപാട് പ്രഖ്യാപിച്ചത്. 'ഇന്ത്യ ഒരിക്കലും ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവർ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. പക്ഷെ ഞങ്ങൾ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാൽ 25 ശതമാനം തീരുവ എന്നതിൽ നിർത്തിയതാണ്. പക്ഷെ അടുത്ത 24 മണിക്കൂറിൽ അത് ഗണ്യമായി ഉയർത്താനാണ് തീരുമാനം. കാരണം അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുകയാണ്' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
Content Highlights: Halts trade talks with India amid tariff row said Donald Trump