പുടിനുമായി കൂടിക്കാഴ്ച്ച നടത്തി അജിത് ഡോവൽ

ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയതിനെ തുടര്‍ന്നാണ് ഡോവല്‍- പുടിൻ കൂടിക്കാഴ്ച്ച

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നു എന്നാരോപിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25 ശതമാനം അധിക തീരുവ ചുമത്തിയതിനെ തുടര്‍ന്നാണ് ഡോവല്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയത്. വീണ്ടും 25 ശതമാനം തീരുവ കൂടി ഉയര്‍ത്തിയതോടെ ഇന്ത്യയ്ക്ക് ട്രംപ് ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ന്നിരുന്നു.

പുടിനും അജിത് ഡോവലും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ചില ചിത്രങ്ങള്‍ പുറത്ത് വന്നെങ്കിലും, ഇരുവരുടെയും ചര്‍ച്ചയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധം, സുരക്ഷാ സഹകരണം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് അജിത് ഡോവല്‍ ചൊവ്വാഴ്ച്ച മോസ്‌കോയിലെത്തിയത്. ഇന്ത്യയുള്‍പ്പെടെ റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം വ്യാപാര ഭീഷണി ഉയര്‍ത്തുന്നതിനിടെയാണ് പുടിന്റെയും അജിത് ഡോവലിന്റെയും കൂടിക്കാഴ്ച്ച. ഇന്ത്യയും റഷ്യയുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്നാണ് സൂചന. ഈ മാസം തന്നെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യൻ സന്ദർശനം നടത്തും.

ഈ യാത്ര മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ളതാണെങ്കിലും യുഎസ് പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങളെ തുടർന്ന് ഡോവലിന്റെ സന്ദർശനം വലിയ പ്രാധാന്യമുള്ളതായി തീർന്നിരിക്കുകയാണ്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടർന്നാൽ ഇറക്കുമതി തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്. അതിനിടയില്‍ ഇന്ത്യയ്ക്ക് അധിക തീരുവ നടപ്പാക്കാനുള്ള തീരുമാനം ഇന്നുണ്ടാകില്ലെന്നും വിശദമായ പ്രതികരണം പിന്നീടെന്നുമാണ് ട്രംപ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. തീരുമാനം റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഉണ്ടാവുകയുള്ളുവെന്നാണ് വിശദീകരണം. വ്യാപാരക്കരാറിന്റെ കാര്യം അതത് രാജ്യത്തിന്റെ തീരുമാനമാണെന്ന് റഷ്യ പ്രതികരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍.

Content Highlight; Ajit Doval Meets Putin Amid US Tensions

To advertise here,contact us