ഇന്ത്യയ്ക്ക് വീണ്ടും താരിഫ് ഭീഷണിയുമായി ഡോണൾഡ്‌ ട്രംപ്; മറുപടി നൽകി ഇന്ത്യ

യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നതവർ കാര്യമാക്കുന്നില്ലെന്നും ട്രംപ്

വാഷിം​ഗ്ടൺ: ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. തന്റെ ഔദ്യോ​ഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുന്നു. യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നതവർ കാര്യമാക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

അതേ സമയം, ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രം​ഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നടപടി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

ഇതേ കാരണത്താൽ ഇന്ത്യക്ക് 25 ശതമാനം താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നേരത്തെ രം​ഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് കുറ്റപ്പെടുത്തിയ പ്രസിഡന്റ് ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും കുറിച്ചിരുന്നു.

സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിരുന്നു. റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകം ആ​ഗ്രഹിക്കുന്ന സമയമാണിത്. എല്ലാം നന്നായല്ല പോകുന്നത്. അതിനാൽ ഇന്ത്യയ്ക്ക് 25% താരിഫും അധിക പിഴയും ചുമത്തുന്നുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.

ഇതിന് പിന്നാലെ മാംഗ്ലൂർ റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് നിർത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്ര സര്‍ക്കാരും രം​ഗത്തെത്തി. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നത്. എണ്ണ വാങ്ങുന്നത് തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Content Highlights: US President Donald Trump Threatens India With Tariffs Again

To advertise here,contact us