നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല: തലാലിന്റെ സഹോദരന്‍

നേരത്തെ ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.

സനാ: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി. വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം വിധി റദ്ദാക്കി എന്നല്ലെന്ന് സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണെന്നും അബ്ദുള്‍ ഫത്താഹ് മഹ്ദി പറഞ്ഞു. നിയമങ്ങളെക്കുറിച്ച് ധാരണയുളളവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാന്‍ അറ്റോര്‍ണി ജനറലിന് അധികാരമുണ്ടെന്നും സത്യം പരാജയപ്പെടില്ല, പുതിയ വധശിക്ഷാ തിയതി എത്രയും വേഗം നിശ്ചയിക്കുമെന്നും ഫത്താഹ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 28-നാണ്  നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായി എന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്. നേരത്തെ ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. യെമനിലെ പ്രമുഖ സൂഫി​ പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ ആരംഭിച്ചത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017-ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

Content Highlights:Nimisha Priya's death sentence postponed does not mean it has been cancelled Says Talal's brother

To advertise here,contact us