വാഷിംഗ്ടൺ: എഴുപതിലധികം രാജ്യങ്ങൾക്ക് 10 ശതമാനം മുതൽ 41ശതമാനം വരെ പരസ്പര തീരുവ ചുമത്തി അമേരിക്ക. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് 25 ശതമാനം അധിക നികുതിയാണ്. വ്യാപാര രീതികളിലെ ദീർഘകാല അസന്തുലിതാവസ്ഥയുടെ ഭാഗമായാണ് താരിഫ് ചുമത്തുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്.
കാനഡയ്ക്ക് മേൽ ചുമത്തിയിരുന്ന താരിഫ് നിരക്ക് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. നിയമവിരുദ്ധ മയക്കുമരുന്ന് പ്രതിസന്ധിയിൽ നടപടിയെടുക്കുന്നതിൽ കാനഡ പരാജയപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് താരിഫ് നിരക്ക് ഉയർത്തിയതെന്നാണ് വിശദീകരണം.
നേരത്തെ ഓഗസ്റ്റ് 1ന് മുമ്പ് വ്യാപാര കരാറുകൾ അന്തിമമാക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരവിൽ ഒപ്പുവെച്ച് ഏഴ് ദിവസത്തിന് ശേഷം പുതിയ താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് 7ന് മുമ്പ് കപ്പലുകളിൽ കയറ്റുകയും ഒക്ടോബർ 5-നകം അമേരിക്കിയിൽ എത്തുകയും ചെയ്യുന്ന സാധനങ്ങൾക്ക് പുതിയ നിരക്കുകൾ ബാധകമാകില്ല. എന്നാൽ കനേഡിയൻ ഇറക്കുമതികൾക്ക് ചുമത്തിയിരിക്കുന്ന 35 ശതമാനം താരിഫ് ഓഗസ്റ്റ് 1-ന് തന്നെ പ്രാബല്യത്തിൽ വരും.
Content Highlights: Donald Trump hits dozens of countries with tariffs