തർക്കങ്ങൾക്ക് വിരാമം; യൂറോപ്യൻ യൂണിയൻ-യുഎസ് വ്യാപാരകരാറിൽ ധാരണയായതായി ട്രംപ്; യുഎസ് ചുമത്തുക 15 ശതമാനം തീരുവ

താരിഫ് 10 ശതമാനം ആക്കണം എന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം ട്രംപ് അംഗീകരിച്ചില്ല

എഡിൻബർഗ്: അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരകരാറിനെ സംബന്ധിച്ച് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വോൻ ഡെർ ലെയനും ട്രംപും തമ്മിൽ സ്‌കോട്ട്‌ലന്‍ഡിൽ വെച്ചുനടന്ന ചർച്ചയിലാണ് ധാരണയായത്. കരാർ പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ 15 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തുക.

പടിഞ്ഞാറൻ സ്‌കോട്ട്‌ലന്‍ഡിൽ സ്ഥിതി ചെയ്യുന്ന ട്രംപിന്റെ ഗോൾഫ് കോഴ്സിൽ വെച്ചായിരുന്നു ചർച്ചകൾ നടന്നത്. താരിഫ് 10% ആക്കണം എന്നതായിരുന്നു യൂറോപ്യൻ യൂണിയന്റെ ആവശ്യം. എന്നാൽ ഇത് ട്രംപ് അംഗീകരിച്ചില്ല. കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

യൂറോപ്യൻ യൂണിയനുമായുള്ള ഈ വ്യാപാരകരാറിനെ 'ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഡീൽ' എന്നാണ് ട്രംപ് പിന്നീട് വിശേഷിപ്പിച്ചത്. 750 ബില്യൺ ഡോളറിന്റെ ഊർജം യൂറോപ്യൻ യൂണിയൻ അമേരിക്കയിൽ നിന്നും വാങ്ങും. കൂടാതെ നിലവിലെ നിക്ഷേപത്തിന് പുറമെ 600 ബില്യൺ ഡോളർ നിക്ഷേപം കൂടി യൂറോപ്യൻ യൂണിയൻ അമേരിക്കയിൽ നടത്തുമെന്നും ട്രംപ് അറിയിച്ചു.

അമേരിക്കയുമായി താരിഫ് ഇല്ലാതെ തന്നെ വ്യാപാരം ചെയ്യാൻ എല്ലാ രാജ്യങ്ങൾക്കും സാധിക്കുമെന്നും, ഇ യു രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് ആയുധങ്ങൾ അടക്കമുള്ള സൈനിക ഉപകരണങ്ങൾ വാങ്ങാൻ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.

മാസങ്ങൾ നീണ്ട തർക്കത്തിനൊടുവിലാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും കരാറിലേർപ്പെടാൻ ധാരണയായത്. നേരത്തെ ഇ യു രാജ്യങ്ങൾക്ക് മേൽ 30 ശതമാനം താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. ഇടയ്ക്ക് അവ 50 ശതമാനം അയേക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ചർച്ചകൾ നടന്നേക്കുമെന്ന സൂചന പുറത്തുവന്നതോടെ 15 ശതമാനത്തിൽ കുറയാത്ത താരിഫ് ഉണ്ടെന്നുമെന്ന് സൂചിപ്പിച്ച് ട്രംപ് നിലപാട് മയപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപങ്കാളിയാണ് അമേരിക്ക. ഇരു ഭാഗത്തിനും ഉപകാരപ്രദമായ ഒരു തീരുമാനത്തിലെത്തി എന്നാണ് വ്യാപാരകരാറിനെക്കുറിച്ച് ഉർസുല വോൻ ഡെർ ലെയൻ പ്രതികരിച്ചത്.

Content Highlights: EU and US make up trade deal, says Trump

To advertise here,contact us