ഇസ്ലാമാബാദ്: പാകിസ്താനിലെ ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററായ സുമീറ രജ്പുത്തിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിന്ധ് പ്രവിശ്യയിലെ വീട്ടിലാണ് സുമീറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർബന്ധിത വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയവർ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് സുമീറയുടെ മകളുടെ ആരോപണം. പ്രതികൾ സുമീറയ്ക്ക് വിഷ ഗുളിക നൽകിയെന്നും അതാണ് അവളുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നും 15 കാരിയായ മകൾ പറഞ്ഞതായി ജിയോ ന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിന്ധിലെ ഘോട്കി ജില്ലയിൽ നടന്ന സംഭവം ലിംഗവിവേചനത്തിൻ്റെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളെയും നിർബന്ധിത വിവാഹങ്ങളെയും സംബന്ധിച്ച് ആശങ്ക ഉണർത്തുന്നതാണെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സുമീറയുടെ മകളുടെ ആരോപണം ഘോട്കി ജില്ലാ പോലീസ് ഓഫീസർ അൻവർ ഷെയ്ഖ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അറസ്റ്റിലായവർക്ക് കുറ്റകൃത്യത്തിൽ എന്തെങ്കിലും പങ്കുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
Content Highlights: Pakistani TikToker found dead, daughter claims she was poisoned for refusing marriage