ഡോണള്‍ഡ് ട്രംപ് പാകിസ്താന്‍ സന്ദര്‍ശിച്ചേക്കുമെന്ന് പാക് മാധ്യമങ്ങള്‍: വാര്‍ത്ത തളളി വൈറ്റ് ഹൗസ്

പാകിസ്താന്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് ഇന്ത്യയിലേക്ക് വരുമെന്ന തരത്തിലും വാര്‍ത്തയുണ്ടായിരുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത തളളി വൈറ്റ് ഹൗസ്. നിലവില്‍ പ്രസിഡന്റിന് അത്തരമൊരു യാത്ര പദ്ധതി ഇല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതായി ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രംപ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നുവെന്ന തരത്തില്‍ പാകിസ്താന്‍ വാര്‍ത്താ ഏജന്‍സികള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. പാക് പ്രാദേശിക ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ വൈറ്റ് ഹൗസ് വാര്‍ത്ത തളളിയതിനു പിന്നാലെ ഈ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്.

പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായിരുന്ന സമയത്ത് പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും വിരുന്ന് നല്‍കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹം പാകിസ്താന്‍ സന്ദര്‍ശിച്ചേക്കും എന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്. പാകിസ്താന്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് ഇന്ത്യയിലേക്ക് വരുമെന്ന തരത്തിലും വാര്‍ത്തയുണ്ടായിരുന്നു. ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ട്രംപിന്റെ പാകിസ്താന്‍ സന്ദർശന വാർത്ത പുറത്തുവന്നത്. ജോര്‍ജ് ഡബ്ല്യു ബുഷ് ആയിരുന്നു പാകിസ്താന്‍ അവസാനമായി സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്.

അതേസമയം, ജൂലൈ 25 ന് ഡോണള്‍ഡ് ട്രംപ് സ്‌കോട്‌ലാന്‍ഡ് സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. സന്ദര്‍ശനവേളയില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ട്രംപ് വ്യാപാര ചര്‍ച്ചകള്‍ നടത്തുമെന്ന് ലീവിറ്റ് വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ട്രംപും പ്രഥമവനിത മെലാനിയയും വിന്‍ഡ്‌സര്‍ കൊട്ടാരം സന്ദര്‍ശിച്ച് ചാള്‍സ് രാജാവിനെ കാണുമെന്നും ലീവിറ്റ് അറിയിച്ചു.

Content Highlights: White house denies donald trump visit to pakistan

To advertise here,contact us