കീവ്: വിദേശ ആയുധ നിർമ്മാണ കമ്പനികൾക്ക് അവരുടെ പുതിയ ആയുധങ്ങൾ റഷ്യയുമായുള്ള യുദ്ധത്തിൻ്റെ മുൻനിരയിൽ പരീക്ഷിക്കാൻ യുക്രെയ്ൻ അവസരം നൽകുമെന്ന് ആയുധ-നിക്ഷേപ സംഭരണ ഗ്രൂപ്പായ ബ്രേവ് 1. യുക്രെയ്ൻ സർക്കാരിൻ്റെ പിന്തുണയുള്ള ആയുധ-നിക്ഷേപ സംഭരണ ഗ്രൂപ്പാണ് ബ്രേവ് 1. 'ടെസ്റ്റ് ഇൻ യുക്രെയ്ൻ' പദ്ധതിയുടെ ഭാഗമായി കമ്പനികൾക്ക് ആയുധ പരീക്ഷണം നടത്താമെന്നാണ് വാഗ്ദാനം. കമ്പനികൾക്ക് അവരുടെ ആയുധങ്ങൾ യുക്രെയ്നിലേയ്ക്ക് അയയ്ക്കാമെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഓൺലൈൻ പരിശീലനം നൽകാമെന്നും കമ്പനി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യുക്രെയ്ൻ സൈന്യം അവ പരീക്ഷിക്കുന്നത് വരെ കാത്തിരിക്കണമെന്നും അതിന് ശേഷം റിപ്പോർട്ടുകൾ അയയ്ക്കുമെന്നുമാണ് ബ്രേവ് 1 പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
എന്തെല്ലാം സാങ്കേതിക വിദ്യകൾ ലഭ്യമാണ് എന്നതിൽ അത് ഞങ്ങൾക്ക് അറിവ് നൽകും. യുദ്ധത്തിൻ്റെ മുൻനിരയിൽ ഇവ എങ്ങനെ പ്രവർത്തിക്കുമെന്നതിൽ കമ്പനികൾക്കും ധാരണ ലഭിക്കുമെന്നും ബ്രേവ് 1ൻ്റെ നിക്ഷേപ സൗഹൃദ തലവൻ ആർട്ടേം മോറോസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ടെസ്റ്റ് ഇൻ യുക്രെയ്ൻ പദ്ധതിയിൽ പലരും താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്നും മോറോസ് വ്യക്തമാക്കി. എന്നാൽ ഇത് ഉപയോഗിക്കാൻ ഒപ്പുവെച്ച കമ്പനികളുടെ പേരോ, ഇത് എങ്ങനെ പ്രവർത്തിക്കുമെന്നോ, എന്ത് ചെലവ് വരുമെന്നോ വിശദമായി പറയാൻ മോറോസ് തയ്യാറായില്ല. ഞങ്ങൾക്ക് മുൻഗണനകളുടെ ഒരു പട്ടികയുണ്ട്. പുതിയ വ്യോമ പ്രതിരോധ ശേഷികൾ, ഡ്രോൺ ഇന്റർസെപ്റ്ററുകൾ, AI- ഗൈഡഡ് സിസ്റ്റങ്ങൾ എന്നിവയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും മോറോസ് വ്യക്തമാക്കി.
ഉക്രേനിയൻ പ്രതിരോധ കമ്പനികൾക്ക് നിക്ഷേപം തേടാനും ഉക്രേനിയൻ സൈനിക യൂണിറ്റുകൾക്ക് അവർക്ക് ആവശ്യമുള്ള ലിസ്റ്റ് ചെയ്ത ആയുധങ്ങൾ ഓർഡർ ചെയ്യാനും കഴിയുന്ന ഒരു ഓൺലൈൻ ഹബ്ബ് എന്ന നിലയിലാണ് 2023-ൽ യുക്രെയ്ൻ സർക്കാർ ബ്രേവ്1 സ്ഥാപിച്ചത്.
Content Highlights: Ukraine offers its front line as test bed for foreign weapons