ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കാളിയായ ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍

ഗാസയിലെ ജബാലിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന ഇയാദ് നറ്റ്‌സറാണ് കൊല്ലപ്പെട്ടത്

ടെല്‍ അവീസ്: ഹമാസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇയാദ് നറ്റ്‌സറിനെ വധിച്ചതായി ഇസ്രയേല്‍. ഗാസയിലെ ജബാലിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന ഇയാദിനെ ജൂലൈ പത്തിന് വധിച്ചതായാണ് ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നത്.

ഒക്ടോബര്‍ ഏഴിന് ഇസ്രേലില്‍ നടന്ന ആക്രമണത്തില്‍ ഇയാദ് പങ്കാളിയായിരുവെന്ന് ഇസ്രയേൽ പ്രതിരോധ സേന പറയുന്നു. അന്നത്തെ ആക്രമണത്തില്‍ ഇയാദിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജബാലിയ ബറ്റാലിയനിലെ ആസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയിരുന്നു. ഇസ്രയേലിനെതിരായ ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഇയാദ് സജീവമായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ 162-ാമത് സ്റ്റീല്‍ ഡിവിഷന്റെ സേനയ്‌ക്കെതിരെ നറ്റസര്‍ ആക്രമങ്ങള്‍ നടത്തിയതായി ഐഡിഎഫ് പറയുന്നു.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഇയാദിനൊപ്പം പങ്കാളികളായ മറ്റ് രണ്ട് നേതാക്കളേയും വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെട്ടു. സെന്‍ട്രല്‍ ജബാലിയ കമാന്‍ഡര്‍ ഹസ്സന്‍ മഹ്‌മൂദ് മുഹമ്മദ് മാരി, ഹെയ്ത് ഹാനോണ്‍ ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് സാഖി ഷമാദ ഹമാദ് എന്നിവര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്.

Content Highlights- Hamas deputy commander and two othrs killed by an idf attack in Gaza

To advertise here,contact us