ടെല് അവീവ്: ഇസ്രയേലില് ബെഞ്ചമിന് നെതന്യാഹു സര്ക്കാരിനെ പ്രതിസന്ധിയിലാക്കി ബന്ധം വിച്ഛേദിക്കാനൊരുങ്ങി സഖ്യ കക്ഷിയായ ഷാസ്. നിര്ബന്ധിത സൈനിക സേവന ബില്ലുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്നാണ് തീവ്ര വലതുപക്ഷ കക്ഷിയായ ഷാസ് സഖ്യം വിട്ടത്. ഇതോടെ അടുത്തിടെ സഖ്യം വിടുന്ന രണ്ടാമത്തെ പാര്ട്ടിയായി ഷാസ്.
നിലവിലെ സാഹചര്യത്തില് സര്ക്കാരിന്റെ സഖ്യകക്ഷിയായി ഇരിക്കുകയെന്നത് അസാധ്യമാണെന്ന് ഷാസിന്റെ കാബിനറ്റ് മന്ത്രി മിഖായേല് മല്കിയേലി പറഞ്ഞു. എന്നാല് ഇത് സഖ്യത്തെ പുറത്ത് നിന്ന് തുരങ്കം വെക്കുന്ന രീതിയില്ലെന്നാണ് ഷാസ് പാര്ട്ടി പറയുന്നത്. ചില നിയമനിര്മാണങ്ങളില് പിന്തുണ നല്കുമെന്നും എന്നാല് ഈ തീരുമാനം ഭരണം അസാധ്യമാക്കുന്നതിനും നെതന്യാഹുവിന്റെ നീണ്ട ഭരണം അപകടത്തിലാക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പാണെന്നും ഷാസ് പറയുന്നു. സഖ്യം വിടുന്നത് പ്രാബല്യത്തിലായാല് നെതന്യാഹു സര്ക്കാരിന് 50 സീറ്റ് മാത്രമേ പാര്ലമെന്റിലുണ്ടാകുകയുള്ളു.
ആകെ 120 അംഗങ്ങളുള്ള പാര്ലമെന്റില് 50 അംഗമായി ചുരുങ്ങിയാല് നെതന്യാഹു സര്ക്കാര് ന്യൂനപക്ഷമാകും. അതേസമയം നെതന്യാഹുവിന്റെ ലികുഡ് പാര്ട്ടി ഇതുവരെ വിഷയത്തില് പ്രതികരിച്ചിട്ടില്ല. മതപഠനം നടത്തുന്നവരെ നിര്ബന്ധിത സൈനിക സേവനത്തില് നിന്ന് ഒഴിവാക്കുമെന്ന വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് ഷാസ് പാര്ട്ടി വിടുന്നത്.
എന്നാല് നിലവില് പ്രത്യക്ഷത്തില് നെതന്യാഹു സര്ക്കാരിന് ഭീഷണിയില്ലെന്നാണ് വിലയിരുത്തല്. ഒരു പാര്ട്ടി സഖ്യം പിന്വലിക്കുന്നതുമായി മുന്നോട്ട് പോയാല് 48 മണിക്കൂറാണ് അത് പ്രാബല്യത്തില് വരാനുള്ള സമയം. ഇതിനിടയില് നെതന്യാഹുവിന് പ്രശ്നം പരിഹരിക്കാന് സാധിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള് സൂചിപ്പിക്കുന്നുണ്ട്.
നേരത്തെ മറ്റൊരു തീവ്ര വലതു കക്ഷിയായ യൂനൈറ്റഡ് തോറ ജൂദായിസം സമാന വിഷയം ഉന്നയിച്ച് സഖ്യം വിട്ടിരുന്നു. ഇസ്രയേല് പാര്ലമെന്റിന്റെ മൂന്നു മാസത്തെ വേനല്ക്കാല സമ്മേളനം ജൂലൈ-27ന് ആരംഭിക്കും. ഇതിനിടയില് സഖ്യകക്ഷികളുമായുള്ള പ്രശ്നം പരിഹരിക്കുകയെന്നത് നെതന്യാഹുവിന് നിര്ണായകമാണ്.
Content Highlights: Shas party withdraw its coalition will effect Benjamin Netanyahu Israel government