ശക്തിയിലൂടെ മാത്രമേ സമാധാനം നേടാൻ കഴിയൂ; റഷ്യക്ക് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് സെലന്‍സ്‌കി

തന്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു യുക്രെയ്ൻ പ്രസിഡ‍ൻ്റിന്റെ പ്രതികരണം

കീവ്: റഷ്യക്ക് അമേരിക്കൻ പ്രസിഡന്റ് ​ഡോണള്‍ഡ് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡ‍ൻ്റ് വൊളോഡിമിർ സെലന്‍സ്‌കി. അമേരിക്ക സൈനിക ഉപകരണങ്ങൾ യുക്രെയ്നിലേക്ക് അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും സെലന്‍സ്‌കി നന്ദി അറിയിച്ചു. തന്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു യുക്രെയ്ൻ പ്രസിഡ‍ൻ്റിന്റെ പ്രതികരണം.

'കീവിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ട്രംപ് നൽകുന്ന പിന്തുണയ്ക്ക് ഞാൻ നന്ദി പറയുകയാണ്. യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിക്കാത്തത് റഷ്യ കാരണമാണ്. അത് അവസാനിപ്പിക്കാൻ പുടിൻ ശ്രമിക്കുന്നില്ല. അവർ യുദ്ധത്തെ നിസാരവത്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരിക്കലും അതിന് സമ്മതിക്കരുത്. സമാധാനം കൈവരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാധാരണ ജനങ്ങളുടെ ജീവനെടുക്കുന്ന റഷ്യൻ നയത്തെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യണം. ശക്തിയിലൂടെ മാത്രമേ സമാധാനം നേടിയെടുക്കാൻ കഴിയൂ. റഷ്യയുടെ ധനസഹായം നിർത്തലാക്കണം. ഇറാനുമായും ഉത്തരകൊറിയയുമായി റഷ്യ തുടരുന്ന ബന്ധം ഇല്ലാതാക്കണ'മെന്നും സെലൻസ്കി പ്രതികരിച്ചു.

യുക്രെയ്നിലെ ഉദ്യോ​ഗസ്ഥർ, അമേരിക്ക, ജർമ്മനി, നോർവേ എന്നിവരോട് നന്ദി പറഞ്ഞ സെലന്‍സ്‌കി, അമേരിക്കയുമായുള്ള പ്രധാന പ്രതിരോധ കരാറുകൾ ആരംഭിക്കുമെന്നും വ്യക്തമാക്കി. സമാധാനം പുനസ്ഥാപിക്കാനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമുളള ഏതൊരു തീരുമാനത്തെയും യുക്രെയ്ൻ പൂർണ്ണ പിന്തുണ നൽകുമെന്നും സെലൻസ്കി പറഞ്ഞു. റഷ്യയാണ് അതിന് തയ്യാറാവാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവെച്ച വീഡിയോ പോസ്റ്റിലൂടെയായിരുന്നു സെലൻസ്കിയുടെ പ്രതികരണം.

I am grateful to President Trump for his readiness to help protect our people’s lives. This war continues solely because of Russia, because of Putin’s desire to drag it out. Russia is trying to make the war seem like the “new normal.” We must never put up with this. Everything… pic.twitter.com/i16GSeTSqZ

അന്‍പത് ദിവസത്തിനുള്ളില്‍ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ തീരുവ ഉയര്‍ത്തുമെന്ന് റഷ്യയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 'തങ്ങള്‍ രണ്ടാംഘട്ട താരിഫ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. യുക്രെയ്‌നെതിരായ യുദ്ധകാര്യത്തില്‍ അന്‍പത് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകും. റഷ്യക്കെതിരെ നൂറ് ശതമാനം താരിഫ് ചുമത്തു'മെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രെയ്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നൽകുമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസമാണ് ട്രംപ് രം​ഗത്തെത്തിയത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ആവശ്യത്തോട് അനുകൂലമായല്ല റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ പ്രതികരിക്കുന്നത്. നിലപാടിൽ താൻ അതൃപ്തനാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് യുക്രെയ്ന് വ്യോമപ്രതിരോധ സംവിധാനം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനുശേഷം ട്രംപും നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക് റൂത്തുമായും സംസാരിച്ചതായി സെലൻസ്കി പറ‍ഞ്ഞിരുന്നു.

എത്ര പാട്രിയറ്റ് സംവിധാനമാണ് യുക്രെയ്ന് കൈമാറുക എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. അവർക്ക് കുറച്ചെണ്ണം വേണം, അവർക്ക് സംരക്ഷണം ആവശ്യമാണ് എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. യുക്രെയ്ന് കൈമാറുന്നതിനായി യൂറോപ്പിലെ നാറ്റോ സഖ്യരാജ്യങ്ങൾക്ക് ആയുധം വിൽക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി മാർക് റൂത്തുമായി ട്രംപ് ഈ ആഴ്ച തന്നെ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ആയുധങ്ങൾ യുക്രെയ്ന് നൽകുന്നതുമായി ബന്ധപ്പെട്ട പ​ദ്ധതികൾ ഇരുവരും സംസാരിച്ചേക്കുമെന്നാണ് സൂചന.

Content Highlights: Ukrainian President Volodymyr Zelensky Praised Donald Trump's Tariff Warning to Russia

To advertise here,contact us