തെഹാറാൻ: ഇസ്രയേലുമായുള്ള നിലവിലെ വെടിനിർത്തലിന്റെ നിലനിൽപ്പ് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് ഇറാന്റെ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെ. വെടിനിർത്തലിൽ ഇറാൻ പൂർണ്ണമായി വിശ്വാസം അർപ്പിക്കുന്നില്ലെന്നും തങ്ങൾക്കെതിരെ ഉണ്ടാകുന്ന ഏത് ആക്രമണത്തെയും ചെറുക്കാൻ പൂർണ്ണമായും തയ്യാറാണെന്നും ഇറാനിയൻ പ്രതിരോധമന്ത്രി വ്യക്തമാക്കി. തുർക്കി, മലേഷ്യൻ പ്രതിരോധ മന്ത്രിമാരുമായി നടത്തിയ പ്രത്യേക ഫോൺ സംഭാഷണങ്ങളിലാണ് ഇറാനിയൻ പ്രതിരോധമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇറാൻ സംഘർഷം വളർത്താൻ ശ്രമിക്കുന്നില്ലെങ്കിലും, ജാഗ്രത കൈവിടുന്നില്ലെന്നായിരുന്നു നാസിർസാദെ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ ഈ മേഖലയിൽ യുദ്ധവും അരക്ഷിതാവസ്ഥയും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നില്ല, പക്ഷേ എതിരാളികളുടെ ഏതൊരു സാഹസിക നീക്കങ്ങൾക്കെതിരെയും നിർണ്ണായക നീക്കം നടത്താനും അടിച്ചമർത്താനും ഒരുക്കമാണെന്നും ഇറാനിയൻ പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. തുർക്കി പ്രതിരോധമന്ത്രിയോടായിരുന്നു ഇറാന്റെ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെയുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്.
തുർക്കി പ്രതിരോധ മന്ത്രി യാർ ഗ്ലെർ വെടിനിർത്തലിൽ സംതൃപ്തിയും സന്തോഷവും പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇറാനും മേഖലയ്ക്കും പ്രയോജനകരമായ നിലയിൽ ന്യായമായ ഒരു കരാറിലൂടെ ആണവ ചർച്ചകൾ അവസാനിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും തുർക്കിയുടെ പ്രതിരോധമന്ത്രി വ്യക്തമാക്കി.
അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ നടന്ന യുദ്ധത്തിൽ ഇറാനെ പിന്തുണച്ച മലേഷ്യൻ സർക്കാരിന് നസീർസാദെ നന്ദി അറിയിച്ചു. മലേഷ്യൻ പ്രതിരോധ മന്ത്രി മുഹമ്മദ് ഖാലിദ് നോർഡിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു ഇറാനിയൻ പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഇറാൻ മലേഷ്യയുടെ വിശ്വസനീയരായ സുഹൃത്താണെന്നായിരുന്നു മലേഷ്യൻ പ്രതിരോധമന്ത്രിയുടെ പ്രതികരണം. യുദ്ധത്തിന് തങ്ങൾ ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നുവെന്നും അതുകൊണ്ടാണ് ഈ ആക്രമണത്തെ തുടക്കം മുതൽ തന്നെ തങ്ങൾ ശക്തമായി അപലപിച്ചതെന്നും മലേഷ്യൻ പ്രതിരോധ മന്ത്രി മുഹമ്മദ് ഖാലിദ് നോർഡിൻ വ്യക്തമാക്കിയിരുന്നു.
ഇസ്രയേൽ നടത്തിയ ആക്രണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് പരിക്കേറ്റിരുന്നുവെന്ന വെളിപ്പെടുത്തൽ ജൂലൈ 13--ന് ഇറാൻ വാർത്താ ഏജൻസി നടത്തിയിരുന്നു. ഇറാന്റെ ദേശീയ കൗൺസിൽ യോഗം നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ജൂൺ 16-നുണ്ടായ ഇസ്രയേലിൻ്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു ഇറാൻ പ്രസിഡൻ്റുൾപ്പടെയുള്ള നേതാക്കൾക്ക് പരിക്കേറ്റത്. പെസെഷ്കിയാന്റെ കാലിനായിരുന്നു പരിക്കേറ്റത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവൻ മൊഹ്സേനി എജെയ് തുടങ്ങിയവരടങ്ങുന്ന യോഗത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രുള്ളയെ കൊലപ്പെടുത്തിയ രീതിയിൽ തന്നെ പെസെഷ്കിയാനെ ഉന്നം വെച്ചുള്ള ആക്രമണമാണ് ഇസ്രയേൽ പദ്ധതിയിട്ടിരുന്നത്. പെസെഷ്കിയാനുണ്ടായിരുന്ന കെട്ടിടത്തിലെ വായു സഞ്ചാരം പൂർണമായും തടഞ്ഞ ശേഷം വിഷപ്പുക ഉള്ളിലേക്ക് കടത്താനായിരുന്നു ഇസ്രയേലിൻ്റെ ശ്രമം. ഇതിനായി ആറ് മിസൈലുകളാണ് ഇസ്രയേൽ തൊടുത്തത്. എന്നാൽ കെട്ടിടത്തിൽ രഹസ്യപാത ഉണ്ടായിരുന്നതിനാൽ ഇതുവഴി ഇവർ രക്ഷപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂൺ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ആദ്യഘട്ടത്തിൽ സായുധ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിർന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇറാന് നഷ്ടമായത്. ആണവ ശാസ്ത്രജ്ഞർ അടക്കം ഇതിൽ ഉൾപ്പെടുന്നു. ഇതിന് പിന്നാലെ ഇസ്രയേലിനെതിരെ ഇറാനും ശക്തമായ തിരിച്ചടി നൽകി. തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ഇസ്രയേലിന്റെ ശാസ്ത്രഹൃദയവും സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവും എന്നറിയപ്പെടുന്ന വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാൻ ശക്തമായ ആക്രമണം നടത്തി. ഇതിനിടെയാണ് അമേരിക്ക ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ പങ്കാളികളായത്. ഇതോടെ സംഘർഷത്തിന് പുതിയമാനം വന്നു. ഇറാനെതിരായ അപ്രതീക്ഷിത ആക്രമണത്തിൽ അമേരിക്കയെ വിമർശിച്ച് ലോക രാജ്യങ്ങൾ രംഗത്തുവന്നു. ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം നടന്നതോടെ അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു. ഖത്തറും വെടിനിർത്തൽ ചർച്ചകളിൽ പങ്കാളികളായിരുന്നു.
Content Highlights: Iran's Defence Minister cast doubt on the durability of the current regional ceasefire