വെടിനിർത്തൽ ചർച്ചകൾക്കിടെ അയഞ്ഞ് ഹമാസ്; പത്ത് ഇസ്രയേൽ തടവുകാരെ മോചിപ്പിക്കാൻ തയ്യാറെന്ന് അറിയിപ്പ്

ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച 74 പേർ ​ഗാസയിൽ കൊല്ലപ്പെട്ടിരുന്നു

ഗാസ: ഗാസ മുനമ്പിലെ വെടിനിർത്തൽ കരാറിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ പത്ത് ഇസ്രയേൽ തടവുകാരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. ഇസ്രേയേലിൻ്റെ പൊരുത്തപ്പെടാനാവാത്ത നിലപാട് വെടിനിർത്തൽ ചർച്ചകൾ ​ദുഷ്കരമാക്കുമെന്നും ഹമാസ് വ്യക്തമാക്കി. ​ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച 74 പേർ ​ഗാസയിൽ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹമാസിന്റെ പുതിയ നിലപാട്. ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നതിനാൽ ഉടൻ തന്നെ തീരുമാനത്തിലെത്താൻ കഴിയുമെന്ന പ്രത്യാശ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും പങ്കുവെച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കുളള പുതിയ ഉടമ്പടി ഹമാസ് ​ഗ്രൂപ്പ് അം​ഗീകരിച്ചതായി ഹമാസ് ഉദ്യോഗസ്ഥൻ തഹെർ അൽ-നൂനു പറഞ്ഞു. തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വംശഹത്യ തടയുന്നതിനുമായാണ് ഹമാസ് ഒത്തുതീർപ്പിൽ എത്തുന്നത്. യുദ്ധത്തിന് പൂർണ്ണമായ അന്ത്യമാകുന്നത് വരെ ​ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾക്കും ഹമാസ് ഉദ്യോഗസ്ഥൻ അഭ്യർത്ഥിച്ചു. വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി, പലസ്തീനികളെ ബാധിക്കാത്ത തരത്തിൽ ഇസ്രയേൽ സൈന്യം മേഖലയിൽ നിന്ന് തിരികെ മടങ്ങണം. ഇത് രണ്ടാം ഘട്ട ചർച്ച നല്ല രീതിയിൽ നടത്തുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കിടെ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ​ബെഞ്ചമിൻ നെതന്യാഹുവും ജൂലൈ എട്ടിന് കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറ്റ് ഹൗസിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. ​ഗാസയിൽ നല്ലത് സംഭവിക്കട്ടെയെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രസിഡന്റ് ട്രംപിൻ്റെ പ്രതികരണം. പലസ്തീനികൾക്ക് സ്വാതന്ത്ര്യമുള്ള ഭാവി ഉണ്ടാകുമെന്ന് നെതന്യാഹുവും പ്രതികരിച്ചിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ച നടക്കുന്ന സമയത്ത് വൈറ്റ് ഹൗസിന് പുറത്തും, ടെൽ അവീവിലെ യുഎസ് എംബസിക്കും മുന്നിലും പ്രതിഷേധങ്ങൾ ശക്തമായിരുന്നു.

ഒരാഴ്ചയ്ക്കകം ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാവർത്തികമാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപ് വ്യക്തമാക്കിയിരുന്നു. ബന്ദികളെ വിട്ടയയ്ക്കലും വെടിനിർത്തൽ കരാറും ഈ ആഴ്ച തന്നെ നടപ്പിലാകുമെന്നും ഇത് ഏതാനും ബന്ദികളുടെ വിട്ടയയ്ക്കലിന് വഴിതെളിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാനും ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തമായിരിക്കെയാണ് ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച നടക്കുന്നത്. ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Content Highlights: Hamas says it is ready to release 10 Israeli prisoners as Gaza cease-fire talks continue

To advertise here,contact us