കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. റഷ്യയുടേത് ധീരമായ തീരുമാനമെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ വിശേഷിപ്പിച്ചു. വ്യാഴാഴ്ച കാബൂളിൽ വെച്ച് ആമിർ ഖാൻ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവിനെ കണ്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടിക്കാഴ്ചയിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ അംഗീകരിക്കാനുള്ള റഷ്യൻ സർക്കാരിന്റെ തീരുമാനം ദിമിത്രി ഷിർനോവ് ഔദ്യോഗികമായി അറിയിച്ചുവെന്നും അമിർ ഖാൻ വ്യക്തമാക്കി. താലിബാന് സര്ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന് വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു. നല്ല ബന്ധത്തിന്റെ തുടക്കമാണിത്. ബഹുമാനത്തിൻ്റെയും ക്രിയാത്മക ഇടപെടലുകളുടെയും ഒരു പുതിയ ഘട്ടമാണ് റഷ്യയുടെ തീരുമാനം. ഈ മാറ്റം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാക്കുമെന്നും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ പറഞ്ഞു.
2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ അന്താരാഷ്ട്ര അംഗീകാര ലഭിക്കാനുളള ശ്രമത്തിലായിരുന്നു താലിബാന് ഭരണകൂടം. താലിബാൻ അധികാരത്തിലെത്തിയ ശേഷം മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചുവരുന്നതായും റിപ്പോർട്ടുകൾക്കിടെയാണ് റഷ്യയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.
ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയിൽ വാണിജ്യവും സാമ്പത്തികവുമായ സഹകരണ സാധ്യത താലിബാൻ ഭരണകൂടവുമായുള്ള ബന്ധത്തിൽ കാണുന്നുവെന്നാണ് റഷ്യയുടെ നിലപാട്. തീവ്രവാദത്തിനും മയക്കുമരുന്നിനും എതിരെ പോരാടുന്നതിന് കാബൂളിനെ തുടർന്നും സഹായിക്കുമെന്നും റഷ്യ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. 2021 മുതൽ അഫ്ഗാനിസ്ഥാനിലുളള എംബസി അടച്ചുപൂട്ടാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. പ്രാദേശിക സുരക്ഷയും സാമ്പത്തിക വികസനം ഉണ്ടാകുന്നതിനും കാബൂളുമായുള്ള ബന്ധം നിർണായകമാണെന്ന് റഷ്യന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2022 ൽ താലിബാനുമായി ആദ്യമായി ഒരു അന്താരാഷ്ട്ര സാമ്പത്തിക കരാർ ഒപ്പിട്ട രാജ്യം റഷ്യയായിരുന്നു. പിന്നാലെ 2025 ഏപ്രിലില് താലിബാനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്നിന്ന് റഷ്യ നീക്കം ചെയ്തിരുന്നു. കാബൂളുമായി ഒരു സമ്പൂർണ പങ്കാളിത്തം സ്ഥാപിക്കുന്നതിനായിരുന്നു ഈ തീരുമാനമെന്ന് റഷ്യ അറിയിക്കുകയും ചെയ്തിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ കഴിഞ്ഞ ജൂലൈയിൽ ഭീകരതയ്ക്കെതിരെ പോരാടുന്നതിൽ താലിബാനെ 'സഖ്യം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ചർച്ചകൾ നടത്തുന്നതാനായി താലിബാൻ പ്രതിനിധികൾ മോസ്കോയിലേക്ക് പോയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: Russia Becomes First State to Recognise Afghanistan's Taliban Government