താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചുവെന്ന് ട്രംപ്; നീക്കങ്ങളോട് പ്രതികരിക്കാതെ ഹമാസ്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച വാഷിം​ഗ്ടണിൽ നടക്കാനിരിക്കെയാണ് ​ഗാസയിലെ വെടിനിർത്തൽ നീക്കങ്ങൾ ത്വരിതപ്പെട്ടിരിക്കുന്നത്

​വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കൻ പ്രസി‍ഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. അത്യാവശ്യമായ ധാരണകൾക്ക് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.താൽക്കാലിക വെടിനിർത്തലിന് ഹമാസ് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെയ്ക്കുന്നുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച വാഷിം​ഗ്ടണിൽ നടക്കാനിരിക്കെയാണ് ​ഗാസയിലെ വെടിനിർത്തൽ നീക്കങ്ങൾ ത്വരിതപ്പെട്ടിരിക്കുന്നത്.

അറുപത് ദിവസത്തെ വെടിനിർത്തൽ കരാറിനിടെ യുദ്ധത്തിൽ പങ്കാളികളായവരുമായി ശ്വാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തും ഖത്തറും സമാധാനം കൈവരിക്കുന്നതിനായി ഏറെ പ്രയത്നിച്ചെന്നും ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൻ്റെ അന്തിമധാരണ തയ്യാറാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കുന്നു. മധ്യപൂർവ്വേഷ്യയുടെ നല്ലതിനായി ഈ കരാറിനോട് ഹമാസ് അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിട്ടുണ്ട്.

അമേരിക്കയുടെ പിന്തുണയുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ ഖത്തറിൻ്റെ ഉദ്യോ​ഗസ്ഥർ ഹമാസിനും ഇസ്രയേലിനും നൽകിയതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിൻ്റെ തന്ത്രപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രി റോൺ ഡെർമർ വാഷിംഗ്ടൺ സന്ദർശിച്ച അതേ ദിവസം തന്നെയായിരുന്നു ഖത്തർ ധാരണകൾ കൈമാറിയതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഉദ്യോ​ഗസ്ഥരുമായുള്ള ചർച്ചകൾക്കായാണ് റോൺ ഡെർമർ വാഷിംഗ്ടണിലെത്തിയത്. നേരത്തെ ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിനായും ഇടപെടൽ നടത്തിയത് ഖത്തറായിരുന്നു. നേരത്തെ വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഹമാസ് തള്ളിക്കളഞ്ഞിരുന്നു.

നേരത്തെ ഉയർന്ന വെടിനിർത്തൽ കരാറിൽ ഹമാസ് ചൂണ്ടിക്കാണിച്ചിരുന്ന വിഷയങ്ങൾ കൂടി പരി​ഗണിച്ചാണ് ഖത്തർ പുതിയ വെടിനിർത്തൽ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തൽ കാലയളവിൽ ഇസ്രയേലിലെ പലസ്തീനി തടവുകാരെ വിട്ടയയ്ക്കുന്നതിന് പകരമായി ​ഗാസയിലെ ഇസ്രയേലി ബന്ദികളെ ഹമാസും വിട്ടയയ്ക്കുമെന്ന ധാരണ കരാറിലുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.

​ഗാസയിലെ യുദ്ധത്തിൻ്റെ ലക്ഷ്യം മുഴുവൻ കൈവരിച്ചതായി കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യത്തിൻ്റെ വക്താവ് തങ്ങളോട് പ്രതികരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ചുരുങ്ങിപ്പോയ ഹമാസ് പോരാളികൾ ഒളിവ് കേന്ദ്രങ്ങളിലേയ്ക്ക് പോയത് അവശേഷിക്കുന്ന സായുധസംഘത്തെ ലക്ഷ്യംവെയ്ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഉദ്യോ​ഗസ്ഥൻ ചൂണ്ടിക്കാണിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

Content Highlights: Donald Trump says Israel has agreed to the necessary conditions to finalize 60-day ceasefire in Gaza

To advertise here,contact us